കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കുന്ന തമിഴ് ചലച്ചിത്രപ്രവര്‍ത്തകരുടെ നിരയിലേക്ക് സംവിധായകന്‍ അജയ് ജ്ഞാനമുത്തുവും. വിക്രം നായകനാവുന്ന 'കോബ്ര'യ്ക്ക് വാങ്ങുന്ന പ്രതിഫലത്തില്‍ 40 ശതമാനം കുറവാണ് അജയ് ജ്ഞാനമുത്തു വരുത്തിയിരിക്കുന്നത്. ഒന്നരക്കോടി രൂപയോളം വരും ഇത്. നിര്‍മ്മാതാക്കളാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തങ്ങളുടെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായി നിരവധി തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ഹരി, നടനും സംവിധായകനുമായ വിജയ് ആന്‍റണി, നടന്‍ ഹരീഷ് കല്യാണ്‍, നടി കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

അജയ് ജ്ഞാനമുത്തുവിന്‍റെ കരിയറിലെ മൂന്നാം ചിത്രമാണ് കോബ്ര. ഡിമോണ്ടെ കോളനി, ഇമൈക നൊടികള്‍ എന്നിവയാണ് അജയ്‍യുടെ മുന്‍ ചിത്രങ്ങള്‍. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇമൈക നൊടികള്‍ മികച്ച വിജയം നേടിയിരുന്നു. മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ട 'കോബ്ര'യില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനാണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ചിത്രത്തിലെ ഒരു ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 7 സ്ക്രീന്‍ സ്റ്റുഡിയോ, വയാകോം 18 സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായാണ് നിര്‍മ്മാണം.