മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് സൗന്ദര്യ അഭിനയിച്ചത്. യാത്രക്കാരുടെ ശ്രദ്ധയ്‍ക്കും, കിളിച്ചുണ്ടൻ മാമ്പഴത്തിലും. എന്നിട്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായിരുന്നു സൗന്ദര്യ. മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഒട്ടേറെ ആരാധകരുണ്ടായിരുന്നു സൗന്ദര്യക്ക്. പക്ഷേ സിനിമയില്‍ തിളങ്ങിനില്‍ക്കേ അവരെ മരണം കവര്‍ന്നു. 2004ല്‍ ഒരു വിമാനപകടത്തിലായിരുന്നു മരണം. സൗന്ദര്യയുടെ സഹോദരനും അന്ന് മരിച്ചിരുന്നു. സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകൻ ആര്‍ വി ഉദയകുമാര്‍ അവരെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

സൗന്ദര്യ എന്നെ അണ്ണൻ എന്നാണ് വിളിച്ചത്. ആദ്യം എനിക്ക് അത് ഇഷ്‍ടമല്ലായിരുന്നെങ്കിലും വൈകാതെ ഞാനും അവളെ സഹോദരിയായി കണ്ടുതുടങ്ങിയിരുന്നു. സൗന്ദര്യയുടെ ഗൃഹപ്രവേശത്തിനും വിവാഹത്തിനും എന്നെ ക്ഷണിച്ചിരുന്നു. പക്ഷേ ഞാൻ പോയിരുന്നില്ല. ചന്ദ്രമുഖി എന്ന തമിഴ് സിനിമയുടെ കന്നഡ റീമേക്കില്‍ അഭിനയിച്ചപ്പോള്‍ എന്നെ അവര്‍ വിളിച്ചിരുന്നു. ഇതെന്റെ അവസാന ചിത്രമായിരിക്കും, ഇനി അഭിനയിക്കുന്നുണ്ടാവില്ല എന്ന് പറഞ്ഞിരുന്നു. എന്റെ ഭാര്യയോടും ഒരുപാട് സംസാരിച്ചു. അടുത്തദിവസം ദിവസം സൗന്ദര്യ അപകടത്തില്‍ പെട്ട വാര്‍ത്തയാണ് ടെലിവിഷനില്‍ കാണുന്നത്. ഞെട്ടിപ്പോയി. അവര്‍ ക്ഷണിച്ച ചടങ്ങുകള്‍ക്കൊന്നും ഞാൻ പോയില്ല. ശവസംസ്‍കാര ചടങ്ങിലാണ് പോയത്. അവരുടെ വീട്ടില്‍ എന്റെയൊരു ചിത്രം തൂക്കിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ കരച്ചിലടക്കാനായില്ല- ഉദയകുമാര്‍ പറയുന്നു.

ബന്ധുവും സോഫ്റ്റ്‍വെയര്‍ എൻജിനീയറുമായ രഘുവായിരുന്നു സൗന്ദര്യയുടെ ഭര്‍ത്താവ്. 2003ലായിരുന്നു വിവാഹം.