സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തന്‍റെ പുതിയ ഗെറ്റപ്പിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളില്‍ വിശദീകരണവുമായി സുരേഷ് ഗോപി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനകം പ്രഖ്യാപിക്കപ്പെട്ടതോ ചിത്രീകരണം നടന്നതോ ആയ ചിത്രങ്ങളിലേതന്ന പ്രസ്തുത ഗെറ്റപ്പ് എന്നും വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ വരെ മാത്രം നിലനില്‍ക്കുന്നതാണ് ചിത്രത്തിലെ രൂപമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പോസ്റ്റില്‍ സുരേഷ് ഗോപി പറഞ്ഞ ഒരു സംവിധായകന്‍ രാഹുല്‍ രാമചന്ദ്രന്‍ ആയിരുന്നു. ജീം ബൂം ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍. സുരേഷ് ഗോപിയുടെ പോസ്റ്റിന് ശേഷം അദ്ദേഹം ഉദ്ദേശിച്ചത് തന്നെ തന്നെയാണോ എന്ന സംശയവുമായി നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നു പറയുന്നു രാഹുല്‍. അതിനുള്ള വിശദീകരണവും നല്‍കുന്നു അദ്ദേഹം.

രാഹുല്‍ രാമചന്ദ്രന്‍ പറയുന്നു

നമസ്കാരം. ഞാൻ രാഹുൽ രാമചന്ദ്രൻ. കഴിഞ്ഞ വർഷം ജീം ബൂം ബാ എന്നൊരു സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് ഞാൻ സിനിമാ മേഖലയിലേക്കു കടന്നു വന്നത്. സിനിമ കാണാത്തവരുണ്ടെങ്കിൽ ആമസോൺ പ്രൈമിൽ കയറിയാൽ സിനിമ കാണാൻ കഴിയും. അതവിടെ നിൽക്കട്ടെ. പറഞ്ഞു വന്നത് മറ്റൊരു കാര്യത്തെപ്പറ്റിയാണ്. എന്‍റെ അടുത്ത പ്രോജക്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങൾ നേരിടാൻ തുടങ്ങിയിട്ട് കുറേ നാളുകളായി. അത്യാവശ്യ സാഹചര്യങ്ങളില്ലാതെ കൂടുതൽ വേദികളിൽ അടുത്ത സിനിമയെപ്പറ്റി അധികം ചർച്ച ചെയ്യണ്ട എന്ന് കരുതിയാണ് പലപ്പോഴും നിശബ്ദത പാലിച്ചത്. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ മലയാളത്തിന്‍റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി സാർ ഇട്ട ഒരു ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റാണ് വീണ്ടും എന്നെ അടുത്ത സിനിമയെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത്.

സുരേഷ് ഗോപി സാർ തന്‍റെ ലുക്കുമായി ബന്ധപ്പെട്ട് ഇട്ട ആ പോസ്റ്റിൽ അടുത്ത രണ്ട് സിനിമകളുടെ സംവിധായകരുടെ പേരുകൾ പരാമർശിച്ചിരുന്നു. അതിലൊന്ന് ഈ എന്‍റെ പേരായിരുന്നു. ഔദ്യോഗികമായി സാർ തന്നെ ഈ കാര്യം പങ്കുവച്ചതിനാൽ ഞാനും ആ പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. തുടർന്ന് ഈ പോസ്റ്റിടുന്ന സമയം വരെ നിരവധി, അനവധി മെസേജുകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്.

അധികം പ്രായമില്ലെങ്കിലും തരക്കേടില്ലാത്ത ജീവിതാനുഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ ക്യൂരിയോസിറ്റി കൊണ്ട് അയക്കുന്ന മെസേജുകളും ചൊറിയാൻ അയക്കുന്ന മെസേജുകളും പെട്ടെന്ന് തന്നെ തിരിച്ചറിയാൻ സാധിക്കും. ചിലർക്ക് അറിയേണ്ടത് സുരേഷ് സാർ പറഞ്ഞ രാഹുൽ ഞാനാണോ എന്നതാണ്. ചിലർക്ക് അറിയേണ്ടത് സുരേഷ് സാറിന്‍റെ പോസ്റ്റ് ഞാൻ ക്രെഡിറ്റെടുക്കാൻ ചുരണ്ടിയതാണോ എന്നാണ്. ചിലർക്ക് ഇത് സിനിമയാണോ ഷോർട് ഫിലിമാണോ എന്നാണ് സംശയം.

സംശയങ്ങളൊക്കെ പൂർണമായും മനസിലാക്കുന്നു. ഉത്തരം ഇതാണ്. ഞാൻ തന്നെയാണ് സുരേഷ് സാർ പറഞ്ഞ രാഹുൽ.
ചിത്രത്തിന്‍റെ എഴുത്തു പരിപാടികളൊക്കെ അവസാനിച്ചു കഴിഞ്ഞു . ചിത്രത്തിനായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് Sameen Salim ആണ്. കൊറോണയുടെ പ്രശ്നങ്ങളൊക്കെ മാറിയ ശേഷം മറ്റ് പ്രീ പ്രൊഡക്ഷൻ പരിപാടികൾ ആരംഭിക്കും. വിഷമിക്കണ്ട. നിങ്ങളെ എല്ലാവരെയും ഓരോ അപ്‌ഡേറ്റും അറിയിച്ചിരിക്കും. എല്ലാവരും വീടുകളിൽ സെയ്ഫ് ആയിട്ടിരിക്കുക.