നോവൽ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും സംവിധായകൻ. 

എം മുകുന്ദന്റെ ‌'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍‌' സിനിമയാകുന്നു. ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെ സമാപന വേദിയിൽ‌ ആയിരുന്നു പ്രഖ്യാപനം. സാംസ്‌കാരിക മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം ഒരുക്കുന്നത്. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. അദ്ദേഹത്തോട് രഹസ്യമായി പറഞ്ഞ കാര്യം ഇത്രയും വലിയ വേദിയിൽ പ്രഖ്യാപിച്ചതിനാൽ തന്നെ മികച്ച സിനിമയാക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് രഞ്ജിത്ത് പറയുന്നു. നോവൽ സിനിമയാക്കുക എന്നത് വലിയ വെല്ലുവിളിയാണെന്നും സംവിധായകൻ പറഞ്ഞു. സിനിമയെ സംബന്ധിച്ച മറ്റ് വിവരങ്ങൾ പിന്നീട് പുറത്തുവരും. 

അതേസമയം, 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് കൊടിയിറങ്ങിയിരിക്കുകയാണ്. മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരം സ്വന്തമാക്കിയത് ബൊളീവിയൻ ചിത്രം 'ഉതാമ'യാണ്. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കത്തിനാണ് പ്രേക്ഷക പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള രജത ചകോരം തയ്‌ഫിനും ലഭിച്ചു.

ഡിസംബര്‍ 9 മുതല്‍ 16 വരെയായിരുന്ന മേളയില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിച്ചു. 

ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ

ഇതിനിടെ സമാപന വേദിയിൽ രഞ്ജിത്തിന് നേരെ കാണികള്‍ കൂവിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലി​ഗേറ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയർന്നിരുന്നത്. ഇത്തരത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയർമാൻ രഞ്ജിത്തിനെതിരെ കാണികൾ കൂകി വിളികള്‍ നടത്തിയത്.