'തനിച്ച് യാത്ര പോകുകയാണ്'; കൊൽക്കത്തയിൽ നിന്ന് മാറി നിൽക്കുന്നുവെന്ന് രഞ്ജിത്തിനെതിരെ പരാതി നല്‍കിയ നടി
ഒറ്റയ്ക്ക് യാത്ര പോവുകയാണെന്നും ബംഗാളി നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടു. രഞ്ജിത്തിനെതിരായ പരാതിയിൽ പൊലീസ് മൊഴിയെടുക്കാൻ നടപടി തുടങ്ങുമെന്ന സൂചനകൾക്കിടെയാണ് ബംഗാളി നടിയുടെ പുതിയ പോസ്റ്റ്.
ദില്ലി: കൊൽക്കത്തയിൽ നിന്നും മാറി നിൽക്കുകയാണെന്ന് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. ഒറ്റയ്ക്ക് യാത്ര പോവുകയാണെന്നും, തനിക്ക് കുറച്ച് സമയം ഒറ്റയ്ക്ക് ചിലവഴിക്കണമെന്നും നടി പറയുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തത്. ചുറ്റുമുള്ള സംഘർഷം കണ്ട് തളർന്നെന്നും, മാധ്യമ ശ്രദ്ധയും, ഫോൺ കോളുകളും ഒഴിവാക്കുന്നുവെന്നും വീഡിയോയിൽ നടി പറയുന്നുണ്ട്. രഞ്ജിത്തിനെതിരായ പരാതിയിൽ പ`ലീസ് മൊഴിയെടുക്കാൻ നടപടികൾ തുടങ്ങുമെന്ന സൂചനകൾക്കിടെയാണ് പുതിയ പോസ്റ്റ്.
സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ശേഷമുള്ള സമ്മർദ്ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് അറിയിച്ച് കൊണ്ട് തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന് ബംഗാളി നടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം വിവരിച്ചുകൊണ്ടുള്ള കുറിപ്പും നടി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴുള്ള സമ്മർദം താങ്ങാൻ പറ്റുന്നില്ലെന്നും തത്കാലം ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്നും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും അവർ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്തയിൽ നിന്ന് തന്നെ മാറി നിൽക്കുകയാണെന്ന് നടി ഇൻസ്റ്റാഗ്രാമിലുടെ അറിയിച്ചിരിക്കുന്നത്. നാളെ തന്‍റെ പിറന്നാള്‍ ആണെന്നും ഒറ്റയ്ക്കുള്ള യാത്രയിലൂടെയാണ് നാളെ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നതെന്നും തന്നെ ആരും ബന്ധപ്പെടരുതെന്നും നടി പറയുന്നു. കൊൽക്കത്തയിൽ ബലാത്സംഗത്തിന് ഇരയായി കൊലപ്പെട്ട ഡോക്ടര്‍ക്ക് നീതി കിട്ടും വരെ കൈയിലുള്ള കറുത്ത റിബണ്‍ മാറ്റില്ലെന്നും പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്.
അതേസമയം, രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ പരാതിയിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കൊച്ചി തമ്മനത്തുള്ള ജോഷിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയത്. 2009-2010 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ബംഗാളി നടിയുടെ പരാതി.