സിദ്ദിഖിന് കുരുക്ക് മുറുകുന്നു; പരാതിക്കാരി പറഞ്ഞ ദിവസം ഹോട്ടലിൽ താമസിച്ചിരുന്നു, തെളിവുകൾ ശേഖരിച്ച് പൊലീസ്
2016 ജനുവരി 28 ന് സിദിഖ് മാസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചത്. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തുവെന്നായിരുന്നു സിദ്ദിഖിനെതിരായ പരാതി.
തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ ശേഖരിച്ച് അന്വേഷണ സംഘം. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് സിദ്ദിഖിനെതിരെ സുപ്രധാന തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. ലൈംഗിക പീഡനമുണ്ടായെന്ന് നടി പരാതിപ്പെട്ട ദിവസം നടൻ സിദ്ദിഖ് തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ ഉണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു. പരാതി ഉന്നയിച്ച നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
2016ൽ നിള തീയേറ്ററിൽ നടന്ന സിദ്ദിഖിന്‍റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്ക്കറ്റ് ഹോട്ടൽ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. 2016 ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് സംഭവമെന്നായിരുന്നു നടിയുടെ മൊഴി. എന്നാല്‍, രക്ഷിതാക്കള്‍ക്കൊപ്പം തിയറ്ററിൽ വെച്ച് നടിയെ കണ്ടതല്ലാതെ മറ്റ് പരിചയമില്ലെന്നായിരുന്നു സിദ്ധിഖിൻ്റെ വിശദീകരണം. ജനുവരിയിലോ ഫെബ്രുവരിയിലോ ആണ് കണ്ടതെന്നായിരുന്നു സിദ്ദിഖ് പറഞ്ഞിരുന്നത്. എന്നാൽ 2016 ജനുവരി 28 നാണ് സിനിമ പ്രിവ്യൂ നടന്നതെന്ന് മാസ്ക്കറ്റ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. ഇതേ ദിവസം സിദ്ദിഖ് മാസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചുണ്ടെന്നും രേഖകളിൽ വ്യക്തമായി.
അതിഥികളുടെ രജിസ്റ്ററിൽ ഒപ്പിട്ടാണ് ഹോട്ടലിലേക്ക് കയറിയതെന്ന നടിയുടെ മൊഴിയുടെ തെളിവ് ശേഖരിക്കാനായി രജിസ്റ്ററുകള്‍ പൊലീസ് ഹോട്ടൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഴയ രജിസ്റ്ററുകൾ കെടിഡിസി ആസ്ഥാനത്ത് നിന്നും കണ്ടെത്തി കൈമാറാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 2016 ജനുവരി ഫെബ്രുവരി മാസത്തെ റൂം ബുക്കിംഗിന്‍റെ രേഖകള്‍ പെൻഡ്രൈവിൽ കൈമാറി. പരാതിക്കാരിയും സമാനദിവസം ഹോട്ടലിലെത്തിയെന്ന പൊലീസിന് തെളിയിക്കാൻ കഴിഞ്ഞാൽ സിദ്ദിഖിന് കുരുക്ക് മുറുകും. തീയേറ്ററിൽ വച്ച് മാത്രമാണ് പരാതിക്കാരിയെ കണ്ടിട്ടുള്ളുവെന്ന വാദം ഇതോടെ പൊളിയും. സിദ്ദിഖിന്‍റെയും പരാതിക്കാരിയുടെയോ ഫോണ്‍ വിശദാംശങ്ങളോ, സിസിടിവി ദൃശ്യങ്ങളോ ശേഖരിക്കാൻ ഇനി പൊലീസിന് കഴിയില്ല. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും മാത്രമാണ് കേസ് തെളിയിക്കാൻ നിർണായകം.
പരാതിക്കാരിയുടെ രക്ഷിതാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സിദ്ദിഖിന്‍റെ സിനിമയുടെ അണിയറ പ്രവർത്തകരുടെ മൊഴിയും രേഖപ്പെടുത്തും. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാമ്യം തേടി സിദ്ദിഖ് കോടതിയെ സമീപിക്കുന്നതിന് മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പ്രത്യേക സംഘം. അതേസമയം നടി നൽകിയ പരാതിയും എഫ്ഐആറിന്‍റെ പകർപ്പും ആവശ്യപ്പെട്ട് സിദ്ദിഖ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. രഞ്ജിത്തിനും സിദ്ധിഖിനും മുകേഷിനുമൊപ്പം ജയസൂര്യക്കെതിരെയും കേസെടുത്തു.