മികച്ച ചിത്രത്തിന് ദേശീയ അവാര്‍ഡ് നേടിയ സംവിധായികയാണ് റിമാ ദാസ്. ഛായാഗ്രാഹണവും എഡിറ്റിംഗും എല്ലാം നിര്‍വഹിച്ചത് റിമാ ദാസ് ആണെന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയുടെ ഒഫിഷ്യല്‍ ഓസ്‍കര്‍ എൻട്രിയുമായി ചിത്രം.  വില്ലേജ് റോക്സ്റ്റാര്‍സ് എന്ന ദേശീയ അവാര്‍ഡ് ചിത്രത്തിനു ശേഷം റിമാ ദാസ് സംവിധാനം ചെയ്‍ത ബുള്‍ ബുള്‍ ക്യാൻ സിംഗ് എന്ന ചിത്രവും ശ്രദ്ധേയമായി. ഇപ്പോഴിതാ റിമാ ദാസ് സിനിമയ്‍ക്കായി കഥകള്‍ ക്ഷണിച്ചിരിക്കുകയാണ്.

ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമാണ് വില്ലേജ് റോക്സ്റ്റാര്‍. വില്ലേജ് റോക്സ്റ്റാര്‍സ് അടക്കമുളഅള തന്റെ ചിത്രങ്ങള്‍ നിര്‍മ്മിച്ച തന്റെ തന്നെ ഫ്ലയിംഗ് റിവര്‍ ഫിലിംസിന് വേണ്ടിയാണ് ഇപ്പോള്‍ റിമാ ദാസ് കഥകള്‍ തേടുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ റിമാ ദാസ് കഥകള്‍ ക്ഷണിച്ചപ്പോള്‍ ഒട്ടേറെപ്പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏതു ഭാഗവും അടിസ്ഥാനമാക്കിയുള്ള കഥകളാണ് ക്ഷണിച്ചത്. ഇത് യഥാര്‍ഥ കഥയോ, സാങ്കല്‍പ്പികമോ, നാഗരികമായതോ ഗ്രാമീണപശ്ചാത്തലത്തിലുള്ളതോ ആകാം. ഇത് മുഴുവൻ പൂര്‍ത്തിയായ തിരക്കഥയോ വികസിപ്പിക്കാവുന്ന ആശയമോ ആകാം. ചര്‍ച്ചകള്‍ക്ക് ശേഷം സംവിധായികയുടെ കൂടി ചിന്തകള്‍ക്ക് അനുസരിച്ച് തിരക്കഥ മാറ്റാൻ തയ്യാറായിരിക്കണം. frfstory@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കഥകള്‍ അയക്കാമെന്നും റിമാ ദാസ് സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞു.