മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് രണ്ടിനെ കുറിച്ച് റോബി വര്‍ഗീസ് രാജ്.

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. കളക്ഷൻ റെക്കോര്‍ഡുകള്‍ മമ്മൂട്ടി നായകനായ സിനിമ തിരുത്തിക്കുറിച്ചു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ സ്‍ക്വാഡ് ആഗോളതലത്തില്‍ 84 കോടി രൂപയിലധികം നേടിയിരുന്നു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ആകാംക്ഷകള്‍ക്ക് ഒരു മറുപടി സംവിധായകൻ റോബി വര്‍ഗീസില്‍ നിന്ന് ലഭിച്ചിരിക്കുകയാണ്.

കണ്ണൂര്‍ സ്‍ക്വാഡ് 2 ആലോചനയിലുണ്ടെന്ന് സംവിധായകൻ റോബി വര്‍ഗീസ് രാജ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഇതുവരെ കണ്ണൂര്‍ സ്‍ക്വാഡ് രണ്ടിന്റെ ജോലികള്‍ തുടങ്ങിയിട്ടില്ല എന്നും റോബി വര്‍ഗീസ് രാജ് വ്യക്തമാക്കുന്നു. റോബി വര്‍ഗീസ് രാജിന് മറ്റ് സിനിമകളുടെയും പദ്ധതിയുണ്ട്. അതിനാല്‍ കണ്ണൂര്‍ സ്‍ക്വാഡ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം എപ്പോഴായിരിക്കും എന്നതില്‍ വ്യക്തതയില്ല.

ഡിസ്‍നി ഹോട്‍സ്റ്റാറില്‍ മമ്മൂട്ടി നായകനായ ചിത്രം കണ്ണൂര്‍ സ്‍ക്വാഡ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോബി വര്‍ഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നായിരുന്നു പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂര്‍ സ്‍ക്വാഡിന്റെ തിരക്കഥാ രചനയില്‍ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോള്‍ മികച്ച ഒരു ത്രില്ലര്‍ ചിത്രമായിരിക്കുന്നു കണ്ണൂര്‍ സ്‍ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ കണ്ണൂര്‍ സ്‍ക്വാഡിന്റെ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസാണ്.

കണ്ണൂര്‍ സ്ക്വാഡിലൂടെ പ്രകടനത്തില്‍ വിസ്‍മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്സ് ഓഫീസിലും റെക്കോര്‍ഡുകള്‍ തീര്‍ത്തതിന്റെ സന്തോഷത്തിലാണ് ആരാധകരും. മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിൻ എന്ന കഥാപാത്രമായി വിസ്‍മയിപ്പിക്കുമ്പോള്‍ കണ്ണൂര്‍ സ്‍ക്വാഡില്‍ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോല്‍, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. മമ്മൂട്ടിയുടേത് മാത്രമല്ല ഓരോരുത്തരുടെയും കഥാപാത്രം സിനിമയില്‍ നിര്‍ണായകവുമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കണ്ണൂര്‍ സ്‍ക്വാഡില്‍ പറയുന്നത്.

Read More: 'ദുരിതം അകറ്റാൻ നമുക്ക് കൈകോര്‍ക്കാം', തന്റെ ആരാധകരോട് അഭ്യര്‍ഥനയുമായി വിജയ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക