തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 'ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ' എന്ന ചിത്രത്തിന് കഥയെഴുതിയ അദ്ദേഹം  പ്രായിക്കര പാപ്പാൻ, ഗംഗോത്രി, കവചം എന്നി സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ആദ്യ സംവിധാന സംരംഭമായ 'കാക്കത്തുരുത്ത്'(2020) എന്ന സിനിമയുടെ സെൻസറിംഗ് കഴിഞ്ഞിരുന്നു. ഇത് പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുന്‍പാണ് മരണം.

ഒരു തുരുത്തിലെ ജീവിതം ദൃശ്യവല്‍ക്കരിക്കുന്ന ചിത്രമായിരുന്നു 'കാക്കത്തുരുത്ത്'. സംവിധായകനായ വേണു ബി നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്‍റെ ബാനറിൽ മധുസൂദനന്‍ മാവേലിക്കരയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം.