തിരുവനന്തപുരം: പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹത്തിന് പ്രതിചേര്‍ക്കപ്പെട്ട സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരിഹസിച്ചും വിമര്‍ശിച്ചും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സോഹന്‍ റോയി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സോഹന്‍ റോയിയുടെ വിമര്‍ശനം. അടൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നീക്കത്തെ ന്യായീകരിക്കുന്ന  'രാജ്യദ്രോഹക്കത്ത്' എന്ന പേരില്‍ നാല് വരി കവിതയാണ്  കാരിക്കേച്ചറും അടക്കം സോഹന്‍ റോയി പോസ്റ്റ് ചെയ്തിരിക്കുന്നത്.

"നാടിന്റെ തിന്മകള്‍ സിനിമ 'പോലെയാക്കി' വിലസുന്നയാളാണ് അടൂരെന്ന് 'പോയറ്റ് ട്രോള്‍' എന്ന തന്റെ ഹൈക്കു സീരീസിലൂടെ സോഹന്‍ റോയ് വിമര്‍ശിച്ചു. നന്മമരത്തെ മുറിച്ചാല്‍ നാട്ടിലെ കോടതി മൗനം പാലിക്കുകയാണോ വേണ്ടത്" എന്നാണ് കവിതയില്‍ പറയുന്നത്. ഫിലിം പാമ്പിന്‍റെ രൂപത്തില്‍ അടൂരിനെ ചുറ്റിയിരിക്കുന്നതും അടൂര്‍ പാമ്പിനെ ലാളിക്കുന്നതായും ചിത്രീകരിക്കുന്ന കാരിക്കേച്ചറും കവിതയ്ക്കൊപ്പം നല്‍കിയിരിക്കുന്നു.  'ഡാം 999' സിനിമയുടെ സംവിധായകനും വ്യവസായിയും സിനിമ സംവിധായകനുമാണ് സോഹന്‍ റോയി.

രാമചന്ദ്ര ഗുഹ, മണിരത്‌നം, അപര്‍ണ സെന്‍, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, കൊങ്കണ സെന്‍ ശര്‍മ, അടൂര്‍ തുടങ്ങി അമ്പതോളം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ മുസഫര്‍പൂര്‍ സദര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ബിഹാര്‍ മുസഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയ് ശ്രീറാം വിളിക്കാത്തതിന്‍റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുക എന്ന ലക്ഷ്യത്തോടെ അയച്ച കത്തിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.