'ഒരു പേടിയുമില്ലാതെ ലാലേട്ടൻ മരക്കൊമ്പിലെ കയറില്‍ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു'.
മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ കൊടൈക്കനാലിലെ ഗുണ കേവ് വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. ഗുണാ കേവില്‍ അകപെട്ടവരില്‍ ഒരാളേ തിരിച്ചുവന്നിട്ടുള്ളൂ എന്നാണ് രേഖകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹൻലാല്‍ നായകനായ ചിത്രം ശിക്കാറിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്‍തതും ഗുണ കേവിലാണ്. അത് പേടിയോടേ ഓര്‍ക്കാനാവൂവെന്ന് അസോസിയേറ്റ് ഡയറക്ടര്‍ വിനോദ് ഗുരുവായൂര്‍ അഭിപ്രായപ്പെട്ടതാണ് ചര്‍ച്ചയാകുന്നത്.
വിനോദ് ഗുരുവായൂരിന്റെ കുറിപ്പ്.
ഗുണ കേവ്. എന്നും പേടിയോടെ ഓർക്കുന്ന ഷൂട്ടിംഗ്. ശിക്കാർ എന്ന ഞങ്ങളുടെ ഒരു സിനി യുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്‍തത് ഗുണ കേവിൽ ആയിരുന്നു. അന്നും കമ്പികൾ വച്ചു തടഞ്ഞിരുന്നു അവിടേക്കുള്ള എൻട്രി. ആർട്ടിലുള്ള ചിലർ ഒരു ഗ്രിൽ എടുത്തു മാറ്റി.. പിന്നെ അടുത്ത് ഉള്ള ഒരു മരത്തിൽ കയർ കെട്ടി.. അതിൽ പിടിച്ചു താഴേക്കു ഉറങ്ങാനുള്ള വഴി ഒരുക്കി. മനു ജഗത്ത് തന്ന ധൈര്യത്തിൽ കയറിൽ പിടിച്ചു താഴേക്ക്. മുന്നിൽ ലാലേട്ടൻ കൂടെ നിന്നപ്പോൾ സിനിമയിലെ മറ്റുള്ളവര്‍ക്കും ത്രില്ലായി. പിന്നെ ഞങ്ങൾ ഓരോരുത്തരായി താഴേക്കിറങ്ങി. അപ്പോള്‍ ഓരോ നിമിഷവും മുന്നിൽ വരുന്ന അപകടം ബോധ്യമുണ്ടായിുരന്നു. വർഷങ്ങൾക്കു മുൻപ് കമല്‍ഹാസൻ ചെയ്‍ത സിനിമയായ ഗുണയുടെ ലൊക്കേഷൻ ഓരോന്നായി കണ്ടപ്പോൾ വീണ്ടും താഴേക്ക് ഇറങ്ങി. ഗുണ ചെയ്‍ത പ്രധാന ലൊക്കേഷനിലെത്തിയപ്പോൾ അവിടെ ഞങ്ങൾ തമ്പടിച്ചു. താഴേക്കു നോക്കുമ്പോൾ തല കറങ്ങും. അത്രക്കും ദൂരമുണ്ട് ഇനിയും.
ഇതിനിടയ്ക്കുള്ള ചതി ഒളിഞ്ഞിരിക്കുന്ന കുഴികൾ.. ഞങ്ങളെത്തി. ഇനി അനന്യയെ എത്തിക്കണം. അതിനുള്ള ശ്രമവും വിജയത്തിലെത്തി. പിന്നെ ഫൈറ്റ് മാസ്റ്റർ ത്യാഗരാജൻ സംഘവും കളത്തിലിറങ്ങി. റോപ്പ് കെട്ടാൻ മരക്കൊമ്പുകൾ മാത്രം. ഒരു പേടിയുമില്ലാതെ ലാലേട്ടൻ മരക്കൊമ്പിലെ കയറില്‍ തൂങ്ങി ആടുമ്പോൾ പ്രാർത്ഥനയോടെ ഞങ്ങൾ നിന്നു. താഴേക്കു നോക്കണ്ടെന്നന്ന് അനന്യയോട് ലാലേട്ടൻ പറയുന്നുണ്ടായിരുന്നു ഇടയ്‍ക്ക്. ഓരോ ഷോട്ട് കഴിയുമ്പോളും അതിലും റിസ്‍കുള്ള ഷോട്ടുകൾ പ്ലാൻ ചെയ്‍തു പദ്മകുമാറും, ത്യാഗരാജൻ മാസ്റ്ററും, ക്യാമറാമാൻ മനോജ് പിള്ളയും. അവിടെ വെച്ചാണ്, ഞാനെഴുതിയ ഹീറോയെന്ന ചിത്രത്തിലെ അയ്യപ്പാ എന്ന ആ വാക്ക് എനിക്ക് കിട്ടിയത്. ശിക്കാര്‍ ഷൂട്ടിംഗിന് ലാലേട്ടന് ആക്ഷൻ പറയുമ്പോൾ മാസ്റ്റർ ഉപയോഗിച്ചിരുന്ന വാക്കായിരുന്നു, അയ്യപ്പാ എന്ന്. അവരുടെ അടുപ്പം അന്ന് മനസ്സിലായി. ചെറിയ മരക്കൊമ്പിൽ മാസ്റ്റർ കെട്ടിയ കയര്‍, വിശ്വാസം ആയിരുന്നു ലാലേട്ടന്. അവർ തമ്മിലുള്ള വിശ്വാസം. അപകടങ്ങൾ മുന്നിൽ ഉണ്ടെങ്കിലും... അതൊന്നും കാര്യമായി നോക്കാതെ, ഡ്യൂപ്പ് പോലും ഇല്ലാതെ ലാലേട്ടൻ... ബാലരാമനാകുക ആയിരുന്നു അവിടെ. ഗുണയുടെ ഷൂട്ട് കഴിഞ്ഞു വർഷങ്ങൾക്കു ശേഷം കേവില്‍ ശിക്കാർ ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങളും ത്രില്ലിലായിരുന്നു. ചെറിയൊരു അശ്രദ്ധ വലിയൊരു അപകടം വരുമെന്ന് ബോധ്യമുണ്ടെങ്കിലും ലൊക്കേഷൻ പുതുമക്ക് വേണ്ടി എല്ലാവരും ഒരുമിച്ചു നിന്നു. ശിക്കാറിന്റെ വിജയങ്ങൾ പിന്നീട് ഞങ്ങള്‍ ആഘോഷിച്ചപ്പോഴും ആ ഭീകരത മായാതെ മനസ്സിലുണ്ട്.. ഗുണ ഷൂട്ട് ചെയ്‍തതിനും താഴെയെടുത്ത രംഗങ്ങളിലെ ആക്ഷൻ. വീണ്ടും ശിക്കാർ കാണുമ്പോൾ ഓർമ്മകൾ സിനിമയുടെ എല്ലാവരുടെയും മനസ്സിലേക്കെത്തുന്നു. ഒപ്പം ഞങ്ങളോടൊപ്പം കൂടെ നിന്ന tetco രാജഗോപാൽ സർ, മകൻ ഷെജിൽ ഇവരെയും മറക്കാനാവില്ല.
Read More: ഒന്നാമത് മോഹൻലാലിന്റെ ആ പരാജയപ്പെട്ട സിനിമ, തകരാത്ത സര്‍വകാല റെക്കോർഡ്, രണ്ടാമൻ യുവ നടൻ
