മോഹൻലാല്‍ നായകനാകുന്ന ചിത്രത്തെ കുറിച്ച് സംവിധായകൻ വിവേക്.

മോഹൻലാലിന്റേതായി അടുത്തിടെ പ്രഖ്യാപിച്ച സിനിമകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു വിവേകിന്റേത്. ഫഹദ് നായകനായ ചിത്രമായ 'അതിര'ന്റെ സംവിധായകനാണ് വിവേവക്. മോഹൻലാല്‍ അഭിനയിച്ച പരസ്യ ചിത്രം വിവേക് സംവിധാനം ചെയ്‍തിട്ടുമുണ്ട്. മോഹൻലാല്‍ നായകനാകുന്ന ചിത്രത്തെ കുറിച്ച് വിവേക് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്.

'ടീച്ചര്‍' എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷണിടയ്‍ക്കാണ് വിവേക് സ്വപ്‍ന പ്രൊജക്റ്റിനെ കുറിച്ചും മനസ് തുറന്നത്. ഇരുന്നൂറു ശതമാനവും ഒരു ഫാൻ ബോയ് ചിത്രമായിരിക്കും മോഹൻലാലിനെ നായകനാക്കി ചെയ്യുന്നത് എന്നാണ് വിവേക് പറഞ്ഞത്. മോഹൻലാല്‍ അഭിനയിച്ച സിനിമകള്‍ കണ്ടാണ് തനിക്കും ചലച്ചിത്രരംഗത്തോട് താല്‍പര്യം തോന്നിയത് എന്നും വിവേക് പറഞ്ഞു. മോഹൻലാല്‍ നായകനാകുന്ന സിനിമയ്‍ക്ക് 'എല്‍ 353' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'റാം' എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് മാറ്റിവയ്‍ക്കപ്പെട്ട ചിത്രം പിന്നീട് പുനരാരംഭിക്കുകയായിരുന്നു. 'റാം' ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായെന്ന് ജീത്തു ജോസഫ് പറഞ്ഞതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്‍തിരുന്നു. മൊറോക്കോ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ഷൂട്ട് ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലും മോഹൻലാല്‍ നായകനാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ പ്രമേയമോ പേരോ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്. 'ചെമ്പോത്ത് സൈമണ്‍' എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുക എന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം.

Read More: ഒരു യുഗത്തിന്റെ അന്ത്യം, കൃഷ്‍ണയ്‍ക്ക് ആദരാഞ്‍ജലിയുമായി താരങ്ങള്‍