"എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സിനിമ"

മലയാളത്തിലെ ബിഗ് കാന്‍വാസ് മാസ് സിനിമകളുടെ സംവിധായകരിലൊരാളാണ് വൈശാഖ്. മുഖ്യധാരാ മലയാളം സിനിമകളിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ പുലിമുരുകന്‍ അടക്കം നിരവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായ ടര്‍ബോ ആയിരുന്നു അക്കൂട്ടത്തില്‍ അവസാനത്തേത്. ടര്‍ബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജ് ആണ്. 2022 ല്‍ പ്രഖ്യാപിച്ച ഖലീഫയാണ് ഈ ചിത്രം. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് പറയുന്നു വൈശാഖ്. ഈ ചിത്രം തന്നില്‍ സൃഷ്ടിക്കുന്ന ആവേശത്തെക്കുറിച്ചും പറയുന്നു അദ്ദേഹം. സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തിലാണ് വൈശാഖ് ഖലീഫയുടെ അപ്ഡേറ്റ് അറിയിക്കുന്നത്.

"ഖലീഫയുടെ വര്‍ക്ക് ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിന്‍റെ പ്രീ പ്രൊഡക്ഷന്‍ വളരെ ശക്തമായി ആരംഭിച്ചിട്ടുണ്ട്. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സിനിമയാണ്. വളരെ രസമായിട്ട് എഴുതിയിട്ടുണ്ട്. ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാമുണ്ട്. പ്രീ പ്രൊഡക്ഷന്‍ കൂടുതല്‍ ആവശ്യപ്പെടുന്ന സിനിമയാണ്. യുകെ, യുഎഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളില്‍ ചിത്രീകരിക്കേണ്ട സിനിമയാണ്. ഈ നാല് രാജ്യങ്ങളിലായാണ് സിനിമയുടെ കഥ നടക്കുന്നത്. അതിനുവേണ്ട അനുമതികള്‍ എല്ലാം ആയതിന് ശേഷമായിരിക്കും ഷൂട്ടിംഗ് ആരംഭിക്കുക. അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തിക്കാമെന്നാണ് പ്രതീക്ഷ. ഒരുപാട് സാധ്യതകള്‍ ഉള്ള സിനിമയാണ്. 13 വര്‍ഷത്തിന് ശേഷമാണ് പൃഥ്വിക്കൊപ്പം. അത് നന്നായി ആഘോഷിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്", വൈശാഖ് പറയുന്നു.

ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ജിനു വി എബ്രഹാമും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വിരാജ് ഖലീഫയില്‍ ജോയിന്‍ ചെയ്യുക. 

ALSO READ : മലയാളത്തില്‍ നിന്ന് മറ്റൊരു സര്‍വൈവല്‍ ത്രില്ലര്‍; 'സിക്കാഡ' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം