തൃശ്ശൂര്‍: അന്തരിച്ച സംവിധായകന്‍ സച്ചിയെ അനുസ്‍മരിച്ച് പ്രമുഖ സംവിധായകര്‍. വലിയ നഷ്ടമാണ് സച്ചിയുടെ വിയോഗമെന്ന് സംവിധായകന്‍ ഡോ.ബിജു പറഞ്ഞു. മുഖ്യധാര സിനിമകളില്‍ വിജയിച്ച് നില്‍ക്കുമ്പോള്‍ തന്നെ സീരിയസായ, കലാപരമായ സിനിമകളോട് താല്‍പ്പര്യം പ്രകടിപ്പിച്ച ആളാണ് സച്ചി. വിജയിച്ച സംവിധായകനായിരുന്നു അദ്ദേഹം. മുഖ്യധാര സിനിമകളില്‍ പൊളിറ്റിക്കല്‍ ഇടപെടലുകള്‍ നടത്തിയ അപൂര്‍വ്വം സംവിധായകനാണ് സച്ചിയെന്നും ബിജു പറഞ്ഞു. 

സച്ചിയുടെ വിയോഗം ഞെട്ടിച്ചെന്ന് സംവിധായകന്‍ റോഷന്‍ ആഡ്രൂസ്. അത്ഭുതപ്പെടുത്തുന്ന സിനിമകളും കൊമേഷ്യല്‍ ഹിറ്റ് അടിക്കുന്ന സിനിമകളും കൊടുക്കാന്‍ കഴിയുന്ന കഴിവുറ്റയാളായിരുന്നു സച്ചി. പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാളാണ് സച്ചിയെന്നും റോഷന്‍ ആഡ്രൂസ് പറഞ്ഞു. സച്ചിയുടെ മരണവാര്‍ത്ത ഞെട്ടിച്ചെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. അനാര്‍ക്കലിയും അയ്യപ്പനും കോശിയിലൂടെയും അദ്ദേഹത്തിന്‍റെ സംവിധാന മികവ് കണ്ടതാണ്. അകാലത്തില്‍ മലയാള സിനിമയ്ക്ക് സംഭവിച്ച വലിയ നഷ്ടമാണ് സച്ചിയെന്നും വിനയന്‍ പറഞ്ഞു. 

സൗഹൃദങ്ങളില്‍ ആനന്ദവും സമാധാനവും കണ്ടെത്തിയ ആളായിരുന്നു സച്ചിയെന്ന് ബി ഉണ്ണികൃഷ്ണന്‍ ഓര്‍മ്മിച്ചു. അടുത്ത സുഹൃത്തുക്കളുടെ വലയം എപ്പോഴും സച്ചിക്ക് ചുറ്റുമുണ്ടായിരുന്നു. ജനപ്രിയ സിനിമയുടെ മാജിക്ക് സച്ചിയെപ്പോലെ അറിയാവുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയ്ക്ക് ഇല്ല. പ്രേക്ഷകരെ സിനിമയിലേക്ക് കൊളുത്തി ഇടാനുള്ള വൈദഗ്ധ്യം മറ്റാര്‍ക്കും ഇന്ന് അവകാശപ്പെടാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഹൃദയാഘാതത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചി അല്‍പ്പസമയം മുമ്പാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചത്. തീവ ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയുടെ നില. കൊച്ചിയില്‍ എത്തിക്കുന്ന മൃതദേഹം രവിപുരം ശ്‍മശാനത്തില്‍ നാളെ സംസ്‍ക്കരിക്കും. ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് സച്ചി മലയാള സിനിമയിലേക്ക് എത്തുന്നത്.

പിന്നീട് സച്ചി-സേതു കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിരുന്നു. റണ്‍ബേബി റണ്‍ എന്ന സിനിമയിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്താകുന്നത്. 2015 ല്‍ ഇറങ്ങിയ അനാര്‍ക്കലിയാണ് സച്ചി ആദ്യം സംവിധാനം ചെയ്ത സിനിമ. അയ്യപ്പനും കോശിയുമാണ് സച്ചിയുടെ അവസാന ചിത്രം. രാമലീല, ചോക്ലേറ്റ് അടക്കം പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി.