നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാകാൻ സ്റ്റാലിൻ ഡിഎംകെ അണികൾക്ക് നിർദ്ദേശം നൽകി. നിലവിലെ സർക്കാരിന്റെ ഭൂരിപക്ഷത്തിലെ അസ്ഥിരതയും അണ്ണാ ഡിഎംകെ വിമതരുടെ പിന്തുണയുമാണ് ഡിഎംകെയുടെ ഈ കണക്കുകൂട്ടലിന് പിന്നിൽ.

ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള 'തമിഴക വെട്രി കഴകം' ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ അണിയറ നീക്കങ്ങൾ സജീവമാകുന്നു. വിജയ് നയിക്കുന്ന പുതിയ തമിഴ്‌നാട് സർക്കാർ 'ഏതുനിമിഷവും താഴെ വീഴാമെന്നും', അതിനാൽ വരാനിരിക്കുന്ന ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ ഇപ്പോൾ തന്നെ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ എം കെ സ്റ്റാലിൻ ഡിഎംകെ അണികൾക്ക് കർശന നിർദ്ദേശം നൽകി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. 234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ 107 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ടിവികെ, അഞ്ച് സീറ്റുകളുള്ള കോൺഗ്രസിന്‍റെയും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നാല് ഡിഎംകെ സഖ്യകക്ഷികളുടെയും ( രണ്ട് സീറ്റുകൾ വീതമുള്ള വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ) പിന്തുണയോടെയാണ് നിലവിൽ ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്.

ഇതിന് പുറമെ, കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 അണ്ണാ ഡിഎംകെ വിമത എംഎൽഎമാരുടെ പിന്തുണയും മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കുണ്ട്. എന്നാൽ, പുറത്തുനിന്ന് പിന്തുണ നൽകുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎൽ എന്നീ പാർട്ടികൾ പിന്തുണ പിൻവലിച്ചാലോ, അതല്ലെങ്കിൽ തമിഴ്‌നാട് സ്പീക്കറോ കോടതിയോ ഈ 25 അണ്ണാ ഡിഎംകെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയാലോ വിജയ് സർക്കാർ വൻ പ്രതിസന്ധിയിലാകുമെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമാണ് ഡിഎംകെ കണക്കുകൂട്ടുന്നത്.

ഇടക്കാലത്ത് നേരിട്ട ഈ വൻ പരാജയത്തിൽ നിന്നും ഡിഎംകെ ശക്തമായി തിരിച്ചുവരുമെന്ന് സ്റ്റാലിൻ അണികളെ ഓർമ്മിപ്പിച്ചു. "ഈ തോൽവി താൽക്കാലികം മാത്രമാണ്. നിലവിലെ ഭരണം ഏതുനിമിഷവും തകരാം. സമാന്തരമായി 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് തമിഴ്‌നാട് സാക്ഷ്യം വഹിച്ചേക്കാം. നമ്മൾ ശക്തമായി തിരിച്ചുവരികയും വിജയിക്കുകയും ചെയ്യും," സ്റ്റാലിൻ പറഞ്ഞു. കഴിഞ്ഞ ദിവസം അണികളെ അഭിസംബോധന ചെയ്യവെ, തമിഴ്‌നാട്ടിൽ 'ഉദയസൂര്യൻ' (ഡിഎംകെ ചിഹ്നം) ഒരിക്കലും അസ്തമിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തന്‍റെ സ്വന്തം മണ്ഡലമായ കൊളത്തൂരിലെ പരാജയമുൾപ്പെടെയുള്ള ഈ കനത്ത തിരിച്ചടിയുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വിജയ്‌യുടെ ടിവികെ പാർട്ടി ബഹുദൂരം മുന്നിലാണെന്ന് സമ്മതിച്ച സ്റ്റാലിൻ, ഡിഎംകെയുടെ സൈബർ സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്തു. "ഒരുകാലത്ത് നമ്മൾ ചായക്കടകളിൽ സംസാരിച്ചിരുന്ന രാഷ്ട്രീയം ഇനി സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണം," അദ്ദേഹം പറഞ്ഞു.

പരാജയത്തിന്‍റെ യഥാർത്ഥ കാരണങ്ങൾ പഠിക്കാനും പൊതുജനങ്ങളിൽ നിന്ന് നേരിട്ട് ഫീഡ്‌ബാക്ക് സ്വീകരിക്കാനുമായി സ്റ്റാലിൻ 36 അംഗ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ 59 വർഷമായി നിലനിന്നിരുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വന്ദ്വ ഭരണത്തിനാണ് വിജയ്‌യുടെ വരവോടെ അന്ത്യമായത്. എന്നാൽ, പ്രതിപക്ഷത്തിന്‍റെ ഇത്തരം അവകാശവാദങ്ങളിൽ തങ്ങൾ ഒട്ടും ആശങ്കാകുലരല്ലെന്നും പൂർണ്ണ കാലാവധി ഭരിക്കാനുള്ള വ്യക്തമായ ഭൂരിപക്ഷവും പിന്തുണയും തങ്ങൾക്കുണ്ടെന്നുമാണ് ടിവികെ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.