ദീപു പ്രദീപിന്‍റെ രചനയിലാണ് സിരീസ് ഒരുങ്ങിയിരിക്കുന്നത്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളത്തില്‍ ചെയ്ത രണ്ട് സിരീസുകളുടെയും ആദ്യ സീസണുകള്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കേരള ക്രൈം ഫയല്‍സും മാസ്റ്റര്‍പീസും ആയിരുന്നു അത്. ഇപ്പോഴിതാ മലയാളത്തിലെ തങ്ങളുടെ മൂന്നാമത്തെ സിരീസുമായി എത്തുകയാണ് അവര്‍. പേരില്ലൂർ പ്രീമിയർ ലീഗ് എന്ന് പേരിട്ടിരിക്കുന്ന സിരീസിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. 

പേരില്ലൂർ എന്ന കൊച്ച് ഗ്രാമത്തിലെ സാധാരണക്കാരിലൂടെ വികസിക്കുന്ന അസാധാരണ സംഭവങ്ങൾ കോർത്തിണക്കി ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കുന്ന സിരീസ് ആയിരിക്കും പേരില്ലൂർ പ്രീമിയർ ലീഗ് എന്ന് അണിയറക്കാര്‍ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വര്‍ഗീസ് തുടങ്ങി നിരവധി ജനപ്രിയ താരങ്ങൾ ഈ സിരീസിൽ അണിനിരക്കുന്നു.

Scroll to load tweet…


ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് സിരീസിന്‍റെ നിര്‍മ്മാണം. പ്രവീണ്‍ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിരീസിന്‍റെ രചന ദീപു പ്രദീപ് ആണ്. കുഞ്ഞിരാമായണം, പത്മിനി എന്നീ സിനിമകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ആളാണ് ദീപു പ്രദീപ്. അനൂപ് വി ശൈലജയും അമീലും ചേര്‍ന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍, സംഗീതം മുജീബ് മജീദ്. 

ALSO READ : ഒന്നാം സ്ഥാനത്തിന് ചലനമില്ല! രജനികാന്തിനെ മറികടന്ന് മൂന്നുപേര്‍; തമിഴ് സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍ ആരൊക്കെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക