ചെന്നൈ: കാപ്പാൻ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സരവെടി എന്ന പേരിൽ മൂന്ന് വർഷം മുമ്പ് താൻ എഴുതിയ തിരക്കഥയാണ് ചിത്രത്തിലേത് എന്നായിരുന്നു ജോൺ ചാൾസിന്റെ വാദം. 

മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി നിരസിച്ചതിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. ഇതോടെ നാളെ റിലീസ് ചെയ്യാനൊരുങ്ങുന്ന മോഹൻലാൽ സൂര്യ ചിത്രത്തിന്റെ നിയമകുരുക്ക് തൽക്കാലത്തേക്ക് ഒഴിവായി. അതേസമയം ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോൺ ചാൾസിന്റെ അഭിഭാഷകൻ മണിവാസഗം വ്യക്തമാക്കി.

ചിത്രത്തിന്‍റെ റിലീസ് നേരത്തെ മാറ്റിവച്ചിരുന്നു. ഓഗസ്റ്റ് 30ന്  റിലീസ് പ്രഖ്യാപിച്ച ചിത്രം സെപ്തംബറിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമായാണ് സൂര്യ. 

ജില്ലക്കു ശേഷം മോഹന്‍ലാൽ കോളിവുഡിൽ എത്തുന്നു എന്ന പ്രത്യേകതയും കാപ്പാനുണ്ട്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'.