'നട്ടെല്ലിൽ കുടുങ്ങിയ 2.5 ഇഞ്ച് കത്തിക്കഷ്ണം, നിർണ്ണായകമായ 2 മില്ലീമീറ്റർ': സെയ്ഫ് രക്ഷപ്പെട്ടത് ഇങ്ങനെ!
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ അപ്പാർട്ട്മെന്‍റിൽ വച്ച് അജ്ഞാതൻ ആക്രമിച്ചു. നടനെ കത്തികൊണ്ട് ആറുതവണ കുത്തി, പോലീസ് അന്വേഷണം തുടരുന്നു. സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചുവരികയാണ്.

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റില്‍ വച്ച് അജ്ഞാതന്‍റെ ആക്രമണത്തിന് ഇരയായത്. നടനെ കത്തികൊണ്ട് ആറുതവണ ആക്രമി കുത്തിയിട്ട് 48 മണിക്കൂറിലേറെയായി. 30ലധികം പോലീസ് സംഘങ്ങൾ ഊര്‍ജ്ജിതമായി ശ്രമിച്ചിട്ടും അക്രമി ഇപ്പോഴും കാണാമറയത്താണ്.
സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം കഴിഞ്ഞ ദിവസം പറഞ്ഞത്. സെയ്ഫ് അലി ഖാൻ സുഖം പ്രാപിച്ചുവരികയാണെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യപ്പെടുമെന്നും നടൻ പ്രവേശിപ്പിച്ചിരിക്കുന്ന ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്.
പുലർച്ചെ 2 മണിയോടെ ആക്രമണത്തിനിടെ നടന്‍റെ കഴുത്തിൽ ഉൾപ്പെടെ ആറ് കുത്താണ് ഏറ്റത്. ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്ന നടനെ. മകന്‍ എബ്രാഹിം ഒരു ഓട്ടോറിക്ഷയിലാണ് നടനെ ആശുപത്രിയില്‍ എത്തിച്ചത്.
"സെയ്ഫിന്‍റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് അവൻ മികച്ച രീതിയിൽ സുഖപ്പെടുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തിന് ബെഡ് റെസ്റ്റ് നിർദ്ദേശിച്ചിരിക്കുകയാണ്, രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങൾ അവനെ ഡിസ്ചാർജ് ചെയ്യും" ലീലാവതി ഹോസ്പിറ്റലിലെ ന്യൂറോ സർജൻ ഡോ നിതിൻ ഡാങ്കെയെ ഉദ്ധരിച്ച് ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
അതേ സമയം ശസ്ത്രക്രിയയ്ക്കിടെ സെയ്ഫ് അലിഖാന്‍റെ നട്ടെല്ലിൽ കുടുങ്ങിയ രീതിയില്‍ ഉണ്ടായിരുന്ന 2.5 ഇഞ്ച് കത്തിക്കഷണം ഡോക്ടർമാർ നീക്കം ചെയ്തു. കത്തി കേവലം 2 മില്ലീമീറ്ററോളം ആഴത്തിൽ പോയിരുന്നെങ്കിൽ, അത് ഗുരുതരമായ പരിക്കിന് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്.
അതേ സമയം ആക്രമിയുമായി സാമ്യമുള്ള സെയ്ഫിന്‍റെ അപ്പാർട്ട്മെന്‍റിലെ കാര്‍പ്പന്‍ററെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തെങ്കിലും ഇയാള്‍ അല്ലെന്ന് അറിഞ്ഞതോടെ വിട്ടയച്ചു. ഇയാളെ വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യുന്നതിനായി ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നെങ്കിലും പിന്നീട് വിട്ടയച്ചു. .
അക്രമിയെന്ന് സംശയിക്കുന്നയാൾ ഏതെങ്കിലും ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്നില്ലെന്നും ഒരുപക്ഷേ ആരുടെ വീട്ടിലാണ് കടന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഇതുവരെ നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ച് പോലീസ് വെള്ളിയാഴ്ച പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
