നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയില്‍ നിന്നുള്ള ആദ്യ ഹിറ്റ് ആയിരുന്നു ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനായ 'ഡോക്ടര്‍'. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്‍ത, ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഡോക്ടറിന്‍റെ വിജയത്തിനു ശേഷം ശിവകാര്‍ത്തികേയന്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഡോണ്‍' (Don). നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇന്നലെ പാക്കപ്പ് ആയി.

കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒന്നാണ്. ഡോക്ടറിലും നായികയായിരുന്ന പ്രിയങ്ക അരുള്‍ മോഹന്‍ ആണ് ഈ ചിത്രത്തിലും നായിക. സംവിധായകന്‍ ആറ്റ്ലിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച പരിചയവുമായാണ് സിബി ചക്രവര്‍ത്തി ആദ്യചിത്രം ഒരുക്കുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം. 

Scroll to load tweet…

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‍കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, സൂരി, സമുദ്രക്കനി, ഗൗതം മേനോന്‍, ശിവാംഗി, ആര്‍ ജെ വിജയ്, മുനീഷ്‍കാന്ത്, ബാല ശരവണന്‍, കാളി വെങ്കട് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം കെ എം ഭാസ്‍കരന്‍. സിനിമയുടെ ചിത്രീകരണത്തിനൊപ്പം ഡബ്ബിംഗും പുരോഗമിക്കുന്നുണ്ടായിരുന്നു. ആയതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഏറെ വൈകാതെ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.