ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തുക

മലയാളത്തില്‍ നിന്നുള്ള ഇന്‍ഡിപെന്‍ഡന്‍ഡ് ഫിലിം മേക്കേഴ്സില്‍ തന്‍റേതായ സ്ഥാനം നേടിയ ആളാണ് ഡോണ്‍ പാലത്തറ. 2015 ല്‍ എത്തിയ ശവം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകശ്രദ്ധ നേടാന്‍ ഡോണിന് സാധിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കരിയറിലെ മൂന്നാം ചിത്രമായിരുന്ന 1956, മധ്യ തിരുവിതാംകൂറിന്‍റെ വേള്‍ഡ് പ്രീമിയര്‍ മോസ്കോ ചലച്ചിത്രോത്സവത്തില്‍ ആയിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ മുബിയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം കാണാത്ത പ്രേക്ഷകര്‍ക്ക് അത് യുട്യൂബിലൂടെ സൗജന്യമായി കാണാന്‍ അവസരം ഒരുങ്ങുകയാണ്. 

മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തുക. ഡിസംബര്‍ 4 ന് ചിത്രം യുട്യൂബില്‍ പ്രദര്‍ശനം ആരംഭിക്കും. 1956ല്‍ കോര, ഓനന്‍ എന്നീ സഹോദരങ്ങള്‍ ഏതാനും സുഹൃത്തുക്കളെ കൂട്ടി ഒരു കാട്ടുപോത്തിനെ വെടിവെക്കാന്‍ കാടിനുള്ളില്‍ പോകുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മധ്യവിതുവിതാംകൂറിന്‍റെ കഥാതന്തു. ഭൂപരിഷ്കരണത്തോടനുബന്ധിച്ച് ഇടുക്കിയിലെ വനപ്രദേശങ്ങളിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരേടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇടുക്കിയിലും തമിഴ്നാട്ടിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അടുത്തകാലത്ത് പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ അപൂര്‍വ്വം സിനിമകളില്‍ ഒന്നുമാണ്. ശവം, വിത്ത് എന്നീ സിനിമകള്‍ക്കുശേഷമുള്ള ഡോണ്‍ പാലത്തറയുടെ ചിത്രമാണ് ഇത്. ആസിഫ് യോഗി, ജെയിന്‍ ആന്‍ഡ്രൂസ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, കനി കുസൃതി, ഷോണ്‍ റോമി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ALSO READ : ഉര്‍വശിയുടെ ഭര്‍ത്താവ് സംവിധായകനാവുന്നു; നായികയാവുന്നതും നിര്‍മ്മാണവും ഉര്‍വശി

"1956, മധ്യതിരുവിതാംകൂർ" Trailer|| "1956,Central Travancore"