ആസിഫ് അലിയുടെ പുതിയ ചിത്രം സര്‍ക്കീട്ടിന്‍റെ റിലീസ് ഇന്നലെ ആയിരുന്നു
ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നത് വിജയിച്ച പല മനുഷ്യരെക്കുറിച്ചുമുള്ള വിലയിരുത്തലുകളില്‍ ഉയര്‍ന്നുകേള്‍ക്കാറുള്ള പ്രയോഗമാണ്. സിനിമയെ സംബന്ധിച്ച് ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ വിജയം നേടിയ അഭിനേതാക്കളെക്കുറിച്ചും ഇത്തരത്തില്‍ പറയാറുണ്ട്. വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ചലച്ചിത്ര താരം ഈ പ്രയോഗം ഒരു ഡയലോഗ് ആയി പറയുന്നുണ്ട്. ഇപ്പോഴിതാ നടന്‍ ആസിഫ് അലി ഒരു വേദിയില്‍ പറഞ്ഞ കാര്യം ശ്രദ്ധ നേടുകയാണ്. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന ലേബലില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് അത്. ഇന്നലെ പുറത്തിറങ്ങിയ തന്‍റെ പുതിയ ചിത്രം സര്‍ക്കീട്ടിന്‍റെ പ്രചരണാര്‍ഥം ഒരു സ്കൂളില്‍ നടത്തിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്. അവതാരകന്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന് ആസിഫ് അലിയെ വിശേഷിപ്പിച്ചിരുന്നു. അപ്പോഴായിരുന്നു ആസിഫിന്‍റെ പ്രതികരണം.
"ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മള്‍ എല്ലാവരും ഇന്ന് നില്‍ക്കുന്ന സ്റ്റേജില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്. അപ്പോള്‍ ഒരുപാട് പേരുടെ, ഞാന്‍ ചെറുപ്പത്തില്‍ കണ്ട എന്‍റെ സുഹൃത്തുക്കള്‍ മുതല്‍ എന്‍റെ മാതാപിതാക്കള്‍ മുതല്‍ എന്‍റെ അധ്യാപകര്‍ മുതല്‍.. നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് അര്‍ഹനായി ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ട് അരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നുള്ള ഒരു ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല", ആസിഫ് അലി പറഞ്ഞു.
‘ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ താമർ ആണ് സര്‍ക്കീട്ട് ഒരുക്കിയിരിക്കുന്നത്. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സർക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്.


