‘ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ താമര്‍ ഒരുക്കിയ ചിത്രം
മലയാള സിനിമയില്‍ സമീപകാലത്ത് വിജയത്തുടര്‍ച്ചകളിലൂടെ പോകുന്ന താരമാണ് ആസിഫ് അലി. പ്രകടനത്തിന് പ്രശംസ ലഭിക്കുന്ന ചിത്രങ്ങളിലൂടെ അദ്ദേഹം ബോക്സ് ഓഫീസ് നേട്ടവും ഉണ്ടാക്കുന്നു. വലിയ പ്രേക്ഷകപ്രീതിയും കളക്ഷനും നേടിയ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലി നായകനാവുന്ന മറ്റൊരു ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ‘ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ താമര്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്ക് ഹാട്രിക് ഹിറ്റ് നല്‍കുമോ സര്‍ക്കീട്ട്? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്.
ആദ്യ പ്രതികരണങ്ങളില്‍ മികച്ച അഭിപ്രായമാണ് ചിത്രവും ആസിഫ് അലിയുടെ പ്രകടനവും നേടുന്നത്. ആസിഫിലെ നടനെ ഊറ്റി എടുത്തിരിക്കുകയാണ് സംവിധായകനെന്ന് രാഗേഷ് കെ പി എന്ന പ്രേക്ഷകന്‍ മൂവിസ്ട്രീറ്റ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ കുറിച്ചിരിക്കുന്നു. ഗള്‍ഫിലേക്ക് തൊഴിലിനായി എത്തിയ മനുഷ്യര്‍ക്ക് വേഗത്തില്‍ കണക്റ്റ് ചെയ്യാന്‍ പറ്റുന്ന സിംപിള്‍ ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്ന് അബിന്‍ ബാബു എന്ന പ്രേക്ഷകന്‍ എക്സില്‍ കുറിക്കുന്നു. ഇമോഷണല്‍ ഉള്ളടക്കമുള്ള എന്‍ഗേജിംഗ് ആയ ഫസ്റ്റ് ഹാഫും കൂടുതല്‍ മികച്ച രംഗങ്ങളുള്ള രണ്ടാം പകുതിയുമാണ് ചിത്രത്തിലേതെന്ന് എ സിനിമ ലവര്‍ എന്ന എക്സ് ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നു. ആസിഫില്‍ നിന്ന് മറ്റൊരു ഫീല്‍ ഗുഡ് ചിത്രം എത്തിയിരിക്കുകയാണെന്നും. ഒരു മികച്ച ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ഈ ചിത്രമെന്ന് ട്രാക്കര്‍മാരായ ഫോറം റീല്‍സും അറിയിച്ചിരിക്കുന്നു. ആദ്യ പ്രദര്‍ശനങ്ങള്‍ അവസാനിച്ചതിന് പിന്നാലെ നിരവധി റിവ്യൂസ് ആണ് എക്സിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാം പോസിറ്റീവ് ആയി ചിത്രത്തെ വിലയിരുത്തുന്നവയാണ്.
പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓർഹാൻ, ദീപക് പറമ്പോൽ, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.


