Asianet News MalayalamAsianet News Malayalam

'എമ്പുരാന്' മുന്‍പ് 'വൃഷഭ' പൂര്‍ത്തിയാക്കാന്‍ മോഹന്‍ലാല്‍; രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം

mohanlal pan indian movie vrushabha started its second schedule in mumbai nanda kishore balaji telefilms nsn
Author
First Published Oct 13, 2023, 7:27 PM IST

മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. അുത്ത മാസം വരെ ഇത് നീളും. ഈ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രധാനമായും ഒരുങ്ങുന്നതെങ്കിലും തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി ദസറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മ്മാതാവാകുന്ന ചിത്രമാണിത്. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‍റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എപിക് ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണെന്നാണ് വിവരം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകലില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

2024 ല്‍ ഇന്ത്യന്‍ സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഏറ്റവും വലിയ ഒന്നെന്നാണ് നിര്‍മ്മാതാവ് ഏക്ത കപൂര്‍ വൃഷഭയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. വൃഷഭ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യും. ഈ മാസാദ്യം ചിത്രത്തിന്‍റെ ദില്ലിയില്‍ നടന്ന പൂജ ചടങ്ങില്‍ പങ്കെടുക്കാല്‍ മോഹന്‍ലാല്‍ എത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന് ചിത്രീകരണം ഉണ്ടായിരുന്നില്ല. അവിടെനിന്ന് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. മലൈക്കോട്ടൈ വാലിബന്‍ ആണ് ഇതിനകം റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. അടുത്ത വര്‍ഷം ജനുവരി 25 ന് ചിത്രം തിയറ്ററുകളിലെത്തും.

ALSO READ : 'ലിയോ' ആദ്യ ഷോ എപ്പോള്‍ തുടങ്ങാം? സമയം വ്യക്തമാക്കി തമിഴ്നാട് സര്‍ക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios