ക്രിസ്റ്റഫർ നോളന്‍റെ 'ഒഡീസ്സി' എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറിയിരിക്കുകയാണ്
ഈ വര്‍ഷം ലോകസിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ദി ഒഡീസ്സി. ജൂലൈ 6 ന് പ്രീമിയര്‍ നടന്ന ചിത്രത്തിന്‍റെ തിയട്രിക്കല്‍ റിലീസ് ജൂലൈ 17 ന് ആയിരുന്നു. ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് സ്വാഭാവികമായും വന്‍ പ്രീ റിലീസ് ഹൈപ്പ് ഉണ്ടായിരുന്നു. പൂര്‍ണ്ണമായും ഐമാക്സ് ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യ ഫീച്ചര്‍ ചിത്രം എന്ന റെക്കോര്‍ഡോടെയാണ് ഒഡീസ്സി തിയറ്ററുകളില്‍ എത്തിയത്. ഹൈപ്പിനോളം പോന്ന റിപ്പോര്‍ട്ടുകളുമാണ് ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം ഏത് തരം തിയറ്ററുകളില്‍ കാണണം എന്ന ചര്‍ച്ച സിനിമാപ്രേമികള്‍ക്കിടയില്‍ തുടരുകയാണ്. ഇപ്പോഴിതാ ഒരു 70 എംഎം ഐമാക്സ് തിയറ്ററിലെ പ്രൊജക്ഷനിസ്റ്റ് പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ടെയ്ലര്‍ അംഫെനൗര്‍ എന്ന ഐമ്ക്സ് പ്രൊജക്ഷനിസ്റ്റ് ആണ് പ്രൊജക്ഷന്‍ റൂമില്‍ നിന്നുള്ള സ്ക്രീനിന്‍റെ കാഴ്ചകള്‍ ചിത്രങ്ങളായി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. തുടര്‍ച്ചയായി നടക്കുന്ന ഒഡീസ്സി ഷോകളുമായി ഒരു ഗംഭീര വാരാന്ത്യമാണ് കടന്നുപോയതെന്ന് അദ്ദേഹം കുറിക്കുന്നു. ഐമാക്സ് ക്യാമറകളില്‍ പതിറ്റാണ്ടുകളായി അഗ്രഗണ്യനാണ് ക്രിസ്റ്റഫര്‍ നോളന്‍. അതിന്‍റെ പരകോടിയാണ് ഒഡീസ്സി. ഈ ഫോര്‍മാറ്റ് ഇതുവരെ എന്തായിരുന്നോ അതിനെ മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. 70 എംഎം ഐമാക്സില്‍ ഈ ചിത്രം കാണാന്‍ അവസരം ലഭിച്ചാല്‍ അത് നഷ്ടപ്പെടുത്തരുത്, ചിത്രങ്ങള്‍ക്കൊപ്പം ടെയ്ലര്‍ അംഫെനൗര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അതേസമയം ആഗോള തലത്തില്‍ വമ്പന്‍ ഓപണിംഗ് ആണ് ചിത്രത്തിന് ലഭിച്ചത്. 250 മില്യണ്‍ ഡോളര്‍ (2411 കോടി രൂപ) ബജറ്റില്‍ എത്തിയ ചിത്രമാണ് ഇത്. ആദ്യ വാരാന്ത്യം കൊണ്ടു തന്നെ ബജറ്റ് റിക്കവറി നടന്നു എന്നതാണ് വിസ്മയകരം. നിര്‍മ്മാതാക്കളായ യൂണിവേഴ്സല്‍ പിക്ചേഴ്സ് അറിയിച്ചത് പ്രകാരം 264 മില്യണ്‍ ഡോളര്‍ ആണ് ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍. അതായത് 2546 കോടി രൂപ! വിദേശ മാര്‍ക്കറ്റുകളില്‍ മള്‍ട്ടിപ്ലെക്സുകളില്‍ മാസങ്ങളോളം ചിത്രത്തിന് ഫുള്‍ ബുക്കിംഗ് ഉള്ള സാഹചര്യവുമുണ്ട്.



