പഴയ ഗാനങ്ങൾ നശിപ്പിക്കുന്നു എന്ന വിമർശനത്തിന് പാട്ടിലൂടെ തന്നെ മറുപടി നൽകി ഗായിക ഗൗരി ലക്ഷ്മി
സംഗീതത്തിന്‍റെ പ്രകാശനത്തിന് അതിരുകള്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഗായികയും മ്യൂസിക് പ്രൊഡ്യൂസറുമാണ് ഗൗരി ലക്ഷ്മി. ക്ലാസിക്കുകളും പ്രശസ്തമായ പഴയ ഗാനങ്ങളുമൊക്കെ തന്‍റേതായ ശൈലിയില്‍ ഗൗരി പാടിയതിന് വലിയ കൈയടി കിട്ടിയിട്ടുണ്ട്. ഒപ്പം ചില വിമര്‍ശനങ്ങളും. ഇപ്പോഴിതാ അത്തരമൊരു വിമര്‍ശന കമന്‍റിന് ഉരുളയ്ക്ക് ഉപ്പേരി എന്നതുപോലെ ഗൗരി കൊടുത്ത മറുപടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ തനിക്ക് വന്ന കമന്‍റ് കാട്ടിക്കൊണ്ട് പാട്ടിലൂടെ തന്നെയാണ് ഗൗരി ലക്ഷ്മിയുടെ മറുപടി.
കമന്‍റ്, മറുപടി
'ദയവ് ചെയ്ത് ലെജന്‍ഡ്സ് പാടി വച്ചിരിക്കുന്ന പാട്ട് ഇങ്ങനെ പാടി നശിപ്പിക്കരുത്. ഞങ്ങളും സംഗീതം ആസ്വദിക്കുന്നവരാണ്. പക്ഷേ ഇതൊക്കെ കാണുമ്പോള്‍... ഉള്ള വില കളയരുത്', എന്നാണ് ഗൗരി ലക്ഷ്മിക്ക് ഒരു ആസ്വാദകന്‍ അയച്ചിരിക്കുന്ന കമന്‍റ്. ഇതിനോട് യോദ്ധയിലെ പടകാളി എന്ന പ്രശസ്ത ഗാനം തന്‍റേതായ രീതിയില്‍ ആലപിച്ചുകൊണ്ടാണ് ഗൗരി ലക്ഷ്മി പ്രതികരിച്ചത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നതിലും കൗതുകമുണ്ട്. വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 1992 ല്‍ പുറത്തെത്തിയ യോദ്ധയുടെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാന്‍ ആയിരുന്നു. ബിച്ചു തിരുമലയുടേതായിരുന്നു വരികള്‍. കെ ജെ യേശുദാസും എം ജി ശ്രീകുമാറും മത്സരിച്ച് പാടിയ ഗാനവുമാണ് ഇത്. മലയാളം മ്യൂസിക്, മലയാളം ഓള്‍ഡ് സോംഗ്സ്, എ ആര്‍ റഹ്‍മാന്‍, യേശുദാസ്, എം ജി ശ്രീകുമാര്‍, മോഹന്‍ലാല്‍ സോംഗ്സ്, ഗൗരി ലക്ഷ്മി എന്നിങ്ങനെ വീഡിയോയ്ക്കൊപ്പം കുറിച്ചിട്ടുമുണ്ട് ഗായിക.
13-ാം വയസില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ആളാണ് ഗൗരി ലക്ഷ്മി. മോഹന്‍ലാല്‍ നായകനായ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസനോവയിലെ സഖിയേ എന്ന ഗാനമായിരുന്നു അത്. ഗൗരിക്ക് 15 വയസ് ഉള്ളപ്പോഴാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളെജില്‍ നിന്ന് സംഗീതത്തില്‍ ബിഎയും കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംഎയും ട്രിനിറ്റി കോളെജ് ലണ്ടനില്‍ നിന്ന് പെര്‍ഫോമേഴ്സ് സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഏഴ് സുന്ദര രാത്രികള്‍ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ഗൗരി ലക്ഷ്മി എത്തിയത്.



