അന്തരിച്ച ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ കരിയറിന്റെ അവസാനകാലത്ത് കൂടുതല്‍ ചിത്രങ്ങളും ചെയ്തത് ഡോ. ബിജുവിനൊപ്പമായിരുന്നു. ഡോ. ബിജു ആകെ സംവിധാനം ചെയ്ത പത്ത് ചിത്രങ്ങളില്‍ ഒന്‍പതെണ്ണത്തിനും ഫ്രെയ്മുകള്‍ ഒരുക്കിയത് എംജെ ആയിരുന്നു. ഇപ്പോഴിതാ എം ജെ രാധാകൃഷ്ണന്റെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ മകനും യുവഛായാഗ്രാഹകനുമായ യദുവിനൊപ്പം പുതിയ ചിത്രത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഡോ. ബിജു. എംജെയും അതാവും ആഗ്രഹിച്ചിട്ടുണ്ടാവുകയെന്നും ബിജു ഫേസ്ബുക്കില്‍ കുറിച്ചു. ബിജുവിന്റെ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാകനാവുന്നതിനെക്കുറിച്ച് യദു രാധാകൃഷ്ണന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ALSO READ എം ജെ എന്ന ഛായാഗ്രാഹകനും അച്ഛനും; മനസ് തുറന്ന് മകൻ യദു രാധാകൃഷ്‍ണൻ

യദു രാധാകൃഷ്ണന്‍ സ്വതന്ത്ര ഛായാഗ്രാഹകനാവുന്നതിനെക്കുറിച്ച് ഡോ. ബിജു

കഴിഞ്ഞ 14 വര്‍ഷങ്ങളില്‍ ചെയ്തത് 10 സിനിമകള്‍ ആണ്. അതില്‍ 9 സിനിമകളുടെയും ഛായാഗ്രാഹകന്‍ പ്രിയപ്പെട്ട എം ജെ രാധാകൃഷ്ണന്‍ ചേട്ടന്‍ ആയിരുന്നു. ഇനിയും ചെയ്യാനുള്ള 4 സിനിമകള്‍ പൂര്‍ണ്ണമായ കഥ ഉള്‍പ്പെടെ എം.ജെ.ചേട്ടന് അറിയാമായിരുന്നു. ഛായാഗ്രാഹകന്‍, സംവിധായകന്‍ എന്ന നിലയ്ക്കും അപ്പുറം അടുത്ത വ്യക്തി ബന്ധം ഉണ്ടായിരുന്ന എം ജെ ചേട്ടന്റെ മരണം തീര്‍ത്തും ആകസ്മികം ആയിരുന്നു. എം ജെ ചേട്ടന്‍ അല്ലാതെ മറ്റൊരാള്‍ എന്റെ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്യുന്ന ഒരു സാഹചര്യം ഇതേവരെ ആലോചിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. സംവിധായകന്‍ ഛായാഗ്രഹകന്‍ എന്ന നിലയില്‍ ഞങ്ങളുടെ കൂട്ടുകെട്ട് അറിയാവുന്ന എല്ലാവരും കഴിഞ്ഞ രണ്ടു മാസമായി ചോദിക്കുന്ന ചോദ്യം അടുത്ത ചിത്രങ്ങളില്‍ ഇനി ആരാണ് ക്യാമറാമാന്‍ എന്നതായിരുന്നു. അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. എം ജെ ചേട്ടന്റെ മകന്‍ യദു രാധാകൃഷ്ണന്‍ ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകന്‍ ആകും. കണ്ണന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന യദു എം ജെ ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി ആദ്യം വര്‍ക്ക് ചെയ്ത സിനിമ ഞാന്‍ സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് ആയിരുന്നു. അതിനു ശേഷം പെയിന്റ്റിങ് ലൈഫും വെയില്‍മരങ്ങളും ഉള്‍പ്പെടെ 17 ചിത്രങ്ങളില്‍ എം ജെ ചേട്ടനൊപ്പം ഛായാഗ്രഹണ സഹായി ആയി. ലൈറ്റിങ്ങിലും ഫ്രെയിം സെന്‍സിലും എം ജെ ചേട്ടനുള്ള പ്രേത്യേക കഴിവ് കണ്ണനും ലഭിച്ചിട്ടുണ്ട്. കണ്ണന്‍ ആദ്യമായി സ്വതന്ത്യ ഛായാഗ്രാഹകന്‍ ആകുന്നത് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആകണം എന്നാണ് എം ജെ ചേട്ടനും ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പുണ്ട്. സിനിമയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ഉടന്‍...