കെ പി കുമാരനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ ചലച്ചിത്ര അക്കാദമിയെ അഭിനന്ദിച്ച് സംവിധായകൻ ഡോ. ബിജു.

ഇത്തവണത്തെ ജെ സി ഡാനിയേല്‍ അവാര്‍ഡ് കെ പി കുമാരനാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്. ഗായകൻ പി ജയചന്ദ്രൻ ചെയർമാനായ ജൂറിയാണ് കെ പി കുമാരനെ പുരസ്‍കാരത്തിനായി തെരഞ്ഞെടുത്തത്. കെ പി കുമാരനെ അവാര്‍ഡിന് തെരഞ്ഞെടുത്തതില്‍ ചലച്ചിത്ര അക്കാദമിയെ അഭിനന്ദിച്ച് സംവിധായകൻ ഡോ. ബിജു രംഗത്ത് എത്തി.

ജെ സി ഡാനിയേൽ പുരസ്‍കാരരം ഇത്രമേൽ തിളക്കമേറുന്നത് ഇന്നാണ് . കെ പി കുമാരേട്ടന് ഈ വർഷത്തെ ജെ സി ഡാനിയേൽ പുരസ്‍കാരം . എത്രയോ വർഷങ്ങൾക്ക് മുൻപേ നൽകേണ്ടിയിരുന്ന ഒന്ന് . മലയാള സിനിമയുടെ ചരിത്രം കൂടിയാണ് കെ പി കുമാരൻ എന്ന വൻ വൃക്ഷം. ഏറെ അർഹമായ കൈകളിലേക്ക് ആ പുരസ്‍കാരം നൽകിയ ചലച്ചിത്ര അക്കാദമിക്കും സർക്കാരിനും അഭിനന്ദനങ്ങൾ എന്നാണ് ഡോ. ബിജു ഫേസ്‍ബുക്കില്‍ കുറിച്ചത്.

തലശ്ശേരിയില്‍ 1938ല്‍ ജനിച്ച അദ്ദേഹം സിനിമയില്‍ എത്തുന്നതിനു മുന്‍പേ പരീക്ഷണാത്മക നാടന പ്രസ്ഥാനങ്ങളുമായി സഹകരിച്ചിട്ടുണ്ട്. സി ജെ തോമസിന്‍റെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‍തു. അടൂര്‍ ഗോപാലകൃഷ്‍ണന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചിത്രലേഖ എന്ന പേരില്‍ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ചു. പിന്നീടാണ് 'സ്വയംവര'ത്തിന്‍റെ സഹ തിരക്കഥാകൃത്ത് ആവുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം 1975ല്‍ 'അതിഥി' എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

പിന്നീടുള്ള അഞ്ച് പതിറ്റാണ്ട് കാലത്ത് പത്തോളം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കി. 'തോറ്റം', 'രുഗ്‍മിണി', 'നേരം പുലരുമ്പോള്‍', 'ആദിപാപം', 'തേന്‍തുള്ളി', 'കാട്ടിലെ പാട്ട്', 'തേന്‍തുള്ളി', 'ആകാശഗോപുരം', ഈ വര്‍ഷം പുറത്തെത്തിയ 'ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കുമാരനാശാന്‍റെ ജീവിതം പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജെ സി ഡാനിയേല്‍ പുരസ്‍കാരം വലിയ സന്തോഷവും ആശ്വാസവുമാണെന്നാണ് കെ പി കുമാരന്‍റെ പ്രതികരണം. പുരസ്‍കാരം കുമാരനാശാന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍. ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‍കാരം സമ്മാനിക്കും. 

Read More : മനോഹരമായ ഹോം ടൂറുമായി 'കുടുംബവിളക്ക് വേദിക'