ആമസോണ്‍ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ആയെത്തിയ ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'ന്‍റെ തെലുങ്ക് റീമേക്കിന് ഔദ്യോഗിക ആരംഭം. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോസില്‍ നടന്ന പൂജാ ചടങ്ങില്‍ ജീത്തു ജോസഫ്, ചിത്രത്തില്‍ നായകനാവുന്ന വെങ്കടേഷ്, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പ്, റാണ ദഗ്ഗുബതി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിന്‍റെ റെഗുലര്‍ ഷൂട്ടിംഗ് ഈ മാസം അഞ്ചിന് ഹൈദരാബാദില്‍ തുടങ്ങും.

'ദൃശ്യം 2' പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തൊട്ടുപിറ്റേദിവസം പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തു. മുതിര്‍ന്ന നടി ശ്രീപ്രിയയാണ് ദൃശ്യം തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തതെങ്കില്‍ സീക്വലിന്‍റെ റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആദ്യഭാഗത്തിലേതുപോലെ മീനയും എസ്‍തറും തങ്ങളുടെ കഥാപാത്രങ്ങളെ തെലുങ്കില്‍ അവതരിപ്പിക്കും. ആശിര്‍വാദ് സിനിമാസിനൊപ്പം സുരേഷ് പ്രൊഡക്ഷന്‍സ്, രാജ്‍കുമാര്‍ തിയറ്റേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

 

2013ല്‍ പുറത്തെത്തിയ മലയാളം 'ദൃശ്യ'ത്തിനു ശേഷം ആദ്യമെത്തിയ റീമേക്ക് 'ദൃശ്യ' എന്ന പേരില്‍ കന്നഡയിലായിരുന്നു. എന്നാല്‍ അതേവര്‍ഷം 'ദൃശ്യം' എന്ന പേരില്‍ത്തന്നെ തെലുങ്ക് റീമേക്കും എത്തി. മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി തെലുങ്കില്‍ എത്തിയപ്പോള്‍ പേര് രാംബാബു എന്നായിരുന്നു. 'റാണി' തെലുങ്കില്‍ 'ജ്യോതി' ആയിരുന്നു. എന്നാല്‍ അവതരിപ്പിച്ചത് മീന തന്നെ. ഐജി ഗീത പ്രഭാകറിനെ നദിയ മൊയ്‍തുവാണ് അവതരിപ്പിച്ചത്. ആദ്യകാല നടി ശ്രീപ്രിയയുടെ സംവിധായക അരങ്ങേറ്റചിത്രവുമായിരുന്നു തെലുങ്ക് ദൃശ്യം. ചിത്രം ബോക്സ് ഓഫീസില്‍ മികച്ച വിജയവുമായിരുന്നു.