കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം 'ദൃശ്യം 2'ന്‍റെ പ്രധാനപ്പെട്ട തൊടുപുഴ ഷെഡ്യൂള്‍ ചിത്രീകരിക്കുന്നതിന്‍റെ തിരക്കിലാണ് സംവിധായകന്‍ ജീത്തു ജോസഫ്. കഴിഞ്ഞ ദിവസമാണ് ദൃശ്യം 2ന്‍റെ തൊടുപുഴ ഷെഡ്യൂള്‍ ആരംഭിച്ചത്. വഴിത്തല സ്വദേശി മഠത്തിപ്പറമ്പില്‍ ജോസഫിന്‍റെ വീടാണ് ഏഴ് വര്‍ഷം മുന്‍പ് ദൃശ്യത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടിയുടെ വീടായി ചിത്രീകരിച്ചത്. ദൃശ്യം 2ലും പ്രധാന ലൊക്കേഷനാണ് ഈ വീട്. ഇവിടുത്തെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്‍റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

 

KL 07 CU 2020 എന്ന ഫാന്‍സി നമ്പരിലുള്ള മോഹന്‍ലാലിന്‍റെ കാര്‍ റോഡില്‍ നിന്ന് തിരിഞ്ഞ് വീട്ടിലേക്ക് കയറുന്നതിന്‍റേതാണ് വൈറല്‍ ആയ ചിത്രം. 79.5 ലക്ഷം രൂപ എക്സ് ഷോറൂം വിലയുള്ള വെല്‍ഫയര്‍ സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളായിരുന്നു മോഹന്‍ലാല്‍. ആ സമയത്ത് അത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

 

അതേസമയം ആദ്യഭാഗത്തിന് വീട് വിട്ടുകൊടുക്കുമ്പോള്‍ സിനിമ ഇത്ര വലിയ വിജയമാകുമെന്ന് വീട്ടുടമസ്ഥനായ മഠത്തിപ്പറമ്പില്‍ ജോസഫ് കരുതിയിരുന്നതല്ല. ദൃശ്യത്തിന്‍റെ തമിഴ് പതിപ്പായ പാപനാശത്തിന്‍റെ ചിത്രീകരണവും ഇവിടെത്തന്നെയായിരുന്നു. ഏഴ് വര്‍ഷത്തിനു ശേഷം രണ്ടാം ഭാഗമെത്തുമ്പോള്‍ 'ജോര്‍ജുകുട്ടി'യുടെ വീടിനും ചില്ലറ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഷീറ്റിട്ടിരുന്ന കാര്‍പോര്‍ച്ച് വാര്‍ത്തു എന്നതാണ് കാഴ്ചയിലെ പ്രധാന മാറ്റം. കൃഷി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് സാമ്പത്തികമായി അല്‍പംകൂടി മെച്ചപ്പെട്ട 'ജോര്‍ജുകുട്ടി'യാണ് രണ്ടാംഭാഗത്തില്‍.

"

 

കൊവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രീകരണമായതിനാല്‍ കര്‍ശന മുന്‍കരുതലുകളോടെയാണ് ദൃശ്യം 2 ചിത്രീകരണം. ഷൂട്ടിംഗ് ആരംഭിച്ചാല്‍ പുറത്തുനിന്ന് ആരും കയറാതെ അടച്ചിടേണ്ടതിനാല്‍ മുഴുവന്‍ താരങ്ങളും ആദ്യദിനം മുതല്‍ ക്രൂവിനൊപ്പമുണ്ട്. "ആദ്യ 10 ദിവസം ഷൂട്ട് ചെയ്ത ആള്‍ക്ക് അവസാന 10 ദിവസം വീണ്ടും സീന്‍ ഉണ്ടെങ്കില്‍ മുഴുവന്‍ ദിവസവും കൂടെ താമസിപ്പിക്കുകയാണ്. ഷൂട്ടിംഗ് ടീമിലുള്ള ഒരാള്‍ പുറത്തുപോയശേഷം വീണ്ടും തിരിച്ചുവരുന്നത് വലിയ റിസ്ക് ആണ്", ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ നേരത്തെ പറഞ്ഞിരുന്നു. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍