മോഹൻലാൽ ചിത്രം ദൃശ്യം 3 തിരുവോണദിനത്തിൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യും

ഏഷ്യാനെറ്റിന്‍റെ തിരുവോണം സ്പെഷല്‍ ചലച്ചിത്രമായി ദൃശ്യം ഫ്രാഞ്ചൈസിയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം ദൃശ്യം 3. ദൃശ്യം 3 അടക്കമുള്ള ചിത്രങ്ങള്‍ ഓണത്തിന് സംപ്രേഷണം ചെയ്യുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും സമയം എപ്പോഴെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴാണ് അത് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവോണദിനത്തില്‍ വൈകിട്ട് 6.30 ന് ഏഷ്യാനെറ്റില്‍ ദൃശ്യം 3 കാണാം. ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍ ആണ് ഇത്. മറുഭാഷാ പ്രേക്ഷകര്‍ക്കും അറിയാവുന്ന ഫ്രാഞ്ചൈസിയിലെ പുതിയ പതിപ്പ് എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പോടെയാണ് തിയറ്ററുകളിലേക്ക് ദൃശ്യം 3 എത്തിയത്. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

അതേസമയം ബോക്സ് ഓഫീസ് പ്രകടനത്തെ അത് ബാധിച്ചുമില്ല. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയത് 237.70 കോടിയാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 90.21 കോടി ആയിരുന്നു. കേരളത്തില്‍ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും വലിയ നാലാമത്തെ കളക്ഷന്‍. കര്‍ണാടകത്തില്‍ നിന്ന് 13.70 കോടിയും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 10.50 കോടിയും തമിഴ്നാട്ടില്‍ നിന്ന് 8.10 കോടിയും ഉത്തരേന്ത്യയില്‍ നിന്ന് 5.60 കോടിയുമാണ് ചിത്രം നേടിയത്. അങ്ങനെ കേരളമൊഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആകെയുള്ള നേട്ടം 37.90 കോടി.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ജൂണ്‍ 18 ന് ആയിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ആദ്യ രണ്ട് ഭാഗങ്ങള്‍ക്കും ലഭിച്ചതുപോലെ ഒടിടിയില്‍ മറുഭാഷാ പ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകരണം ഈ ചിത്രത്തിന് ലഭിച്ചില്ല. അതേസമയം അജയ് ദേവ്ഗണ്‍ നായകനാവുന്ന ദൃശ്യം 3 ഹിന്ദി പതിപ്പിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ഉത്തരേന്ത്യന്‍ സിനിമാപ്രേമികള്‍. ഹിന്ദി ഒഴികെയുള്ള മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദൃശ്യം 3 ന് റീമേക്ക് ഉണ്ടാവില്ലെന്ന് ജീത്തു ജോസഫ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം മറ്റ് മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും ഏഷ്യാനെറ്റിന്‍റെ ഓണച്ചിത്രങ്ങളായി എത്തുന്നുണ്ട്. വാഴ 2, മോഹിനിയാട്ടം, മോളിവുഡ് ടൈംസ് എന്നിവയാണ് അവ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | Kerala Rain