മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്.
കൊച്ചി: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പര്‍. ലഹരിക്കാരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടാനില്ലെന്നും അത്തരക്കാരെ സിനിമകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസിഡന്‍റ് ജി.സുരേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്.
സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ലഹരിവെടിയാന്‍ സിനിമ രംഗത്തുള്ളവര്‍ക്ക് ഒരു അവസരം കൂടി നല്‍കുകയാണ് സംഘടനകള്‍, നിയമനടപടികളിലേക്ക് കടക്കുമെന്ന സൂചനകളോടെ. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പരാതി നല്‍കാന്‍ നിര്‍മാതാക്കളാരും തയ്യാറായിട്ടില്ല. പരാതി ഇല്ലാതെ തന്നെ പരിശോധനയാവാമല്ലോ എന്നും സംഘടനകള്‍ ചോദിക്കുന്നു.
എന്നാല്‍ പരിശോധനകളെ എല്ലാവരും സ്വാഗതം ചെയ്യുന്നില്ല. ചിത്രീകരണം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളില്‍ ചിലരുടെ എതിര്‍പ്പ്. ഇതുവരെ ആരും പരാതി നല്‍കാത്തതും ഇതിന്‍റെ ഉദാഹരണമാണ്. ചുരുക്കത്തില്‍ ലഹരിക്ക് പാക്കപ്പ് പറയണമെന്ന് ആഗ്രഹിക്കുമ്പോഴും പരിശോധകള്‍ക്ക് ഒറ്റക്കെട്ടായി ആക്ഷന്‍ പറയാന്‍ നിര്‍മാതാക്കളില്ല.

