Asianet News MalayalamAsianet News Malayalam

'മരുന്നുകള്‍ കടലില്‍ വലിച്ചെറിയണം'; വീണ്ടും നിലപാട് ആവര്‍ത്തിച്ച് ശ്രീനിവാസന്‍

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.

Drugs should be thrown into the sea Srinivasan repeats his stance again
Author
Thiruvananthapuram, First Published Apr 8, 2020, 12:41 PM IST

തിരുവനന്തപുരം: അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് ചലച്ചിത്ര താരം ശ്രീനിവാസന്‍. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന നടന്‍ ശ്രീനീവാസന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി നേരത്തെ ഡോക്ടര്‍മാരും സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിരുന്നു. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ മാധ്യമം പത്രത്തില്‍ എഴുതിയത്.

എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും ദയവ് ചെയ്ത് സാമൂഹ്യദ്രോഹപരമായ പ്രചാരണം നടത്തരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം വന്നത്. എന്നാല്‍, തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. മാധ്യമം ഓണ്‍ലൈനാണ് ശ്രീനിവാസന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.

മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ വലിയ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും അതിനിയും പോകുമെന്നും ശ്രീനിവാസന്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനൊപ്പം മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാടിലും മാറ്റമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം വിദഗ്ധര്‍ വൈറ്റമിന്‍ സി കൊവിഡിന് പ്രതിവിധിയാണെന്ന് പറയുന്നുണ്ട്. വൈറ്റമിന്‍ സി ശരീരത്തിലെ ജലാംശം ആല്‍ക്കലൈന്‍ ആക്കി മാറ്റും. അപ്പോള്‍ ഒരു വൈറസിനും നില നില്‍ക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ ആദ്യം തന്നെ ഈ വാദത്തെ എതിര്‍ത്തു.

അവര്‍ക്ക് മരുന്നുണ്ടാക്കി വില്‍ക്കുന്നതിലാഅണ് താല്‍പര്യം. ലോകാരോഗ്യ സംഘനയും നമ്മുടെ ഐഎംഐയും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ തന്റെ ലേഖനത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ശ്രീനിവാസന്റെ വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യപ്രവര്‍ത്തകനായ ഡോക്ടര്‍ ജിനേഷ് പിഎസ് രംഗത്ത് വന്നു. നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് സാമൂഹ്യ ദ്രോഹമാണ് എന്ന് പറയാതെ വയ്യെന്നാണ് ഡോക്ടറുടെ പ്രതികരണം.

വൈറ്റമിന്‍ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അടക്കം പറഞ്ഞു എന്നാണ് നിങ്ങള്‍ മാധ്യമം പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഇത് ഒരു ഡോക്ടറുടെ പേരില്‍ പുറത്ത് വന്ന വ്യാജ സന്ദേശമാണ്. ലോകാരോഗ്യ സംഘടന അസുഖ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തമാണ് നിങ്ങള്‍ എഴുതിയിരിക്കുന്നതെന്നും ജിനേഷ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios