യുവതി കാമുകനുമായി ചേർന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവത്തിലും രേഷ്മയുടെ കഷായം കേസ് പോലുള്ള സമീപകാല ക്രൂരതകളിലും നടി ഭാഗ്യലക്ഷ്മി പ്രതികരിച്ചു. സ്നേഹവും പ്രണയവും അഭിനയമായി മാറുന്ന കാലമാണിതെന്ന് അവർ ആശങ്കയോടെ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു ട്രെക്കിംഗിനിടെ യുവതിയും കാമുകനും ചേർന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ സംഭവം. സിയ എന്ന യുവതിയും കാമുകനും ചേർന്നാണ് ഈ കൊടുക്രൂരത ചെയ്തത്. ഇപ്പോഴിതാ ഈ വിഷയവും രേഷ്മയുടെ കഷായം കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. 'സ്നേഹം, പ്രണയം ഒക്കെ വെറും അഭിനയമാകുന്ന കാലം. ഇതെന്ത് കാലമാണ്. കലികാലം', എന്ന് കുറിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി തന്റെ അഭിപ്രായം പങ്കിട്ടത്.
ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ
നോര്‍ത്ത് ഇന്ത്യയില്‍ ഒരു പെണ്‍കുട്ടി. അവള്‍ക്കൊരു പ്രണയമുണ്ടായിരുന്നു. പക്ഷേ വേറൊരു പയ്യനെ വിവാഹം നിശ്ചയിച്ചിരുന്നു. കല്യാണം നിശ്ചയിച്ച പയ്യനെ അവര്‍ ഒഴിവാക്കണം. അതിന് വേണ്ടി അവനെ ഒരു കൊക്കയില്‍ തള്ളിയിട്ട് കൊന്നു. ആ വാര്‍ത്ത വായിച്ചപ്പോള്‍ വല്ലാത്തൊരു സങ്കടം വന്നു. അവള്‍ക്കൊരു പ്രണയം ഉണ്ടെങ്കില്‍ അത് അവള്‍ക്ക് മാത്രമല്ലേ അറിയൂ. അവന് അറിയില്ലല്ലോ അവള്‍ക്ക് വേറെ പ്രണയമുണ്ടെന്ന്. മറ്റൊരാളോട് പ്രണയം വച്ചുകൊണ്ട്, ഈ പയ്യനോട് വളരെ ഹാപ്പിയായിട്ട്, അയാള് കാറിനുള്ളില്‍ വച്ച് സര്‍പ്രൈസ് കൊടുക്കുമ്പോള്‍ ആ പെണ്‍കുട്ടി അതൊക്കെ എന്‍ജോയ് ചെയ്യുന്നുണ്ട്. അതൊക്കെ കാണുമ്പോള്‍ നമുക്ക് തോന്നും അയാളോട് അവള്‍ക്ക് അത്രത്തോളം സ്നേഹം ഉണ്ടെന്ന്. അപ്പോള്‍ അയാള്‍ക്ക് അത് എത്രമാത്രം തോന്നിയിരിക്കും. അത്രയും വിശ്വസിച്ച ആളെ വിളിച്ച് വരുത്തി, കൊക്കയില്‍ തള്ളിയിട്ട് കൊല്ലുന്നു. ഇതെന്താ വല്ല പുഴുവോ പാറ്റയോ ആണോ. ഇന്നത്തെ കാലത്ത് പട്ടികളേയും പൂച്ചകളേയും പോലും അങ്ങനെ ചെയ്യാന്‍ സമൂഹവും നിയമവും അനുവദിക്കുന്നില്ല. എന്ത് മനസാക്ഷിയില്ലായ്മയാണ് ഈ കാണിക്കുന്നത്. ഇതുപോലെ തന്നെയായിരുന്നു രേഷ്മയുടെ കേസും. ജ്യൂസില്‍ വിഷം കലക്കി ആ പയ്യനെ കൊന്നു. പണ്ടൊക്കെ ആണ്‍കുട്ടികളാണ് ആസിഡ് എറിയുകയും ക്രൂരതകളൊക്കെ കാണിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടാണ് പെണ്‍കുട്ടികള്‍ ഇങ്ങനെ ആയതെന്ന് എന്നൊക്കെ ന്യായീകരിക്കും. ഞാനും അങ്ങനെ ഒക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ.. പെണ്‍കുട്ടികള്‍ക്ക് എങ്ങനെ ഇങ്ങനെ ക്രൂരത കാണിക്കാന്‍ പറ്റുന്നു. ഒന്നര വയസുള്ള കുഞ്ഞിനെ അതിന്‍റെ അമ്മ, രണ്ടാനച്ഛനുമായി ചേര്‍ന്ന് കൊന്നു. വന്ന് വന്ന് ഒരു ജീവനെ ഇല്ലാതാക്കുക എന്ന ക്രൂരതയിലേക്ക് എങ്ങനെയാണ് എത്താന്‍ സാധിക്കുന്നത്.
എന്ത് തരം മനസാണിത്. ഇതൊക്കെ മാനസിക പ്രശ്നം കൊണ്ടാണെന്ന് പറയും. എന്ത് സൈക്കാട്രിക് ? എനിക്ക് മനസിലാകുന്നില്ല. ഇത് എന്ത് തരം മെന്‍റാലിറ്റിയാണ്. ഇതൊക്കെ അങ്ങനെ ന്യായീകരിക്കാന്‍ കഴിയോ? നിങ്ങള്‍ക്ക് അയാളെ ഒഴിവാക്കണമെന്ന് തോന്നിയാല്‍ കാര്യം പറഞ്ഞ്, പറഞ്ഞ് വിട്. അത് സ്ത്രീയോ പുരുഷനോ ആരോ ആകട്ടെ. അവരെ അങ്ങ് പറഞ്ഞ് വിട്ടേക്ക്. പിന്നീട് അതില്‍ പ്രശ്നം വരികയാണെങ്കില്‍ നിയമപരമായി നേരിടാമല്ലോ. ഇതൊക്കെ ചെയ്തിട്ട് നിങ്ങള്‍ മനസമാധാനമായി ജീവിക്കുന്നുണ്ടോ? രേഷ്മ ഉള്‍പ്പടെ ഉള്ളവര്‍ അവസാനം എവിടെ എത്തി? ജയിലില്‍. ആര്‍ക്കൊക്കെയാണ് ഇവിടെ ജീവിതം നഷ്ടപ്പെടുന്നത്. ആ കൊല്ലപ്പെട്ട വ്യക്തികളുടെ മാതാപിതാക്കള്‍ക്ക്. നിങ്ങളുടെ അച്ഛനമ്മമാര്‍ക്ക്, ബന്ധുക്കള്‍ക്ക് ജീവിക്കാന്‍ പറ്റില്ല. എന്താണ് ഈ ഒരു മാനസികാവസ്ഥ. ഒരു ജീവനെ ഒക്കെ ഇല്ലാതാക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നതാണ്. ഇത് യഥാര്‍ത്ഥത്തില്‍ പ്രണയമല്ല. അവനെ കൊന്നിട്ട് കാമുകനോടോ കാമുകിയ്ക്ക് ഒപ്പമോ പോകുമ്പോള്‍ മനസിലാക്കണം നാളെ നിങ്ങളേയും ഇല്ലാതാക്കാന്‍ ഇവര്‍ക്ക് നിഷ്പ്രയാസം കഴിയും. ഇവര്‍ പ്രണയിക്കുകയല്ല. പ്രണയം ഇങ്ങനെ അല്ല.



