ചിത്രീകരണം പുരോഗമിക്കുന്നത് ചെന്നൈയില്‍
ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റുകള്‍ നല്‍കിയ രണ്ട് യുവതാരങ്ങള്‍ ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ഇതിനകം ഹൈപ്പ് ലഭിച്ചിട്ടുള്ള ചിത്രമാണ് തമിഴില്‍ നിന്നുള്ള ഡ്യൂഡ്. പ്രദീപ് രംഗനാഥന്‍ നായകനാവുന്ന ചിത്രത്തില്‍ മമിത ബൈജുവാണ് നായിക. റൊമാന്‍റിക് ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും കീര്‍ത്തീശ്വരനാണ്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിര്‍മ്മാണം. ഇപ്പോഴിതാ കോളിവുഡില്‍ ഈ ചിത്രത്തിനുള്ള ഹൈപ്പ് എത്ര എന്നതിന് ഉദാഹരണമാണ് ഒരു പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം ഇതിനകം നേടിയ തുക സംബന്ധിച്ചുള്ളതാണ് അത്.
ഡെക്കാള്‍ ക്രോണിക്കിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഒടിടി റൈറ്റ്സ് വില്‍പ്പനയിലൂടെ ചിത്രം നേടിയിരിക്കുന്നത് 25 കോടിയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് ആണ് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രീകരണം പുരോഗമിക്കുമ്പോള്‍ത്തന്നെ ഇത്തരത്തിലൊരു റൈറ്റ്സ് നേടാനായി എന്നത് നിര്‍മ്മാതാക്കള്‍ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. സായ് അഭ്യങ്കര്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. ഈ വര്‍ഷം ദീപാവലി റിലീസ് ലക്ഷ്യമാക്കി നിര്‍മ്മാണം പുരോഗമിക്കുന്ന ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായി ആവും റിലീസ്. മമിത ബൈജുവിന്‍റെ സാന്നിധ്യം കേരളത്തിലേക്ക് എത്തുമ്പോഴും ചിത്രത്തിന് പ്ലസ് ആണ്. ആര്‍ ശരത് കുമാറും ഹൃദു ഹറൂണും ദ്രാവിഡ് സെല്‍വവും രോഹിണിയും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമന്‍.
കോമാളിയിലൂടെ സംവിധായകനായി കരിയര്‍ ആരംഭിച്ച പ്രദീപ് രംഗനാഥന് നായകനായും മികച്ച അരങ്ങേറ്റം നല്‍കിയ ചിത്രമായിരുന്നു 2022 ല്‍ പുറത്തിറങ്ങിയ ലവ് ടുഡേ. എന്നാല്‍ അദ്ദേഹത്തിന് ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിക്കൊടുത്തത് അവസാനം (2025) എത്തിയ ഡ്രാഗണ്‍ എന്ന ചിത്രമായിരുന്നു. എന്നാല്‍ മമിത ബൈജുവിനെ സംബന്ധിച്ച് ഏറ്റവും വലിയ കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ പ്രേമലു ആയിരുന്നു. മലയാളികള്‍ക്ക് പുറമെ തമിഴ്, തെലുങ്ക് പ്രേക്ഷകരും ഏറ്റെടുത്ത ചിത്രമായിരുന്നു ഇത്. തമിഴില്‍ വിജയ്, സൂര്യ, ധനുഷ് ചിത്രങ്ങളിലുള്‍പ്പെടെ വന്‍ അവസരങ്ങള്‍ മമിതയ്ക്ക് ലഭിക്കാന്‍ കാരണമായതും പ്രേമലു ആണ്.

