മഹാനടിക്ക് പിന്നാലെ വീണ്ടും തെലുങ്കിൽ ശ്രദ്ധേയ വേഷത്തിൽ തിളങ്ങാൻ ദുൽഖര്‍ സൽമാൻ. അദ്ദേഹത്തിന്‍റെ ജന്മദിനത്തിലാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്റ്റനന്‍റ് റാമിന്‍റെ പ്രണയകഥ എന്ന ടാഗ് ലൈനിൽ ചിത്രത്തിന്‍റെ കൺസപ്റ്റ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.  1964ൽ കൊടുമ്പിരി കൊണ്ട യുദ്ധത്തിനിടയിൽ വിരിഞ്ഞ ഒരു മനോഹര പ്രണയം പറയുന്ന ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്ന വിവരം. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത  ചിത്രത്തിന്റെ നിർമാണം സ്വപ്‍ന സിനിമാസിന്‍റെ ബാനറിൽ പ്രിയങ്ക ദത്താണ്. ഹന്നു രാഘവപുടിയാണ് സംവിധാനം. മഹാനടിക്ക് ശേഷം വൈജയന്തി മൂവിസും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിശാൽ ചന്ദ്രശേഖരാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വൈജയന്ത്രി മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന പ്രഭാസ്, ദീപിക പദുക്കോൺ ബിഗ് ബജറ്റ് സിനിമയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ ദുൽഖര്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന സിനിമയിലാണ് ദുൽഖര്‍ ഒടുവിലായി അഭിനയിച്ചത്. തെലുങ്കിൽ കനുലു കനുലു ദൊച്ചയന്‍റെ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.