ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തിയത്

ദുല്‍ഖര്‍ (Dulquer Salmaan) സിനിമയിലെത്തിയതിനു ശേഷം ആരാധകര്‍ പലപ്പോഴും ഭാവനയില്‍ കാണുന്ന ഒന്നാണ് മമ്മൂട്ടിയുമൊത്ത് (Mammootty) അദ്ദേഹം അഭിനയിക്കുന്ന ഒരു ചിത്രം. ഇത്തരം ഒരു ചിത്രം എന്ന് കാണാനാവുമെന്ന ചോദ്യം ദുല്‍ഖറിനൊപ്പം മമ്മൂട്ടിയും നേരിടാറുണ്ട്. ഇപ്പോഴിതാ ഈ ചോദ്യത്തിന് ഉത്തരം പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറിന്‍റെ പ്രതികരണം. അത്തരം ഒരു ചിത്രം തന്‍റെയും ആഗ്രഹമാണെന്ന് പറയുന്നു ദുല്‍ഖര്‍.

വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ അത് അദ്ദേഹം കൂടി ചിന്തിക്കണം. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്ന് പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണ്. രണ്ടുപേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനത് വ്യക്തിത്വവും കരിയറും ഉണ്ടാവുമെന്നതിനാലാണ് ആ ചിന്ത. പക്ഷേ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും സ്ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ട്, ദുല്‍ഖര്‍ പറയുന്നു. ഭീഷ്‍മ പര്‍വ്വത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിച്ചിരുന്നെങ്കിലെന്ന ആരാധകരില്‍ ചിലര്‍ ഉയര്‍ത്തിയ ആഗ്രഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ദുല്‍ഖറിന്‍റെ മറുപടി ഇങ്ങനെ- ഭീഷ്‍മയിലെ അജാസ് അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്‍തിട്ടുണ്ടല്ലോ. ഞാനത് ശരിക്കും ആസ്വദിച്ചു. 

രഞ്ജിത് സെന്‍ട്രല്‍ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രവുമായി വിനായകന്‍; ചർച്ചയാക്കി ആരാധകർ

അതേസമയം ദുല്‍ഖറിന്‍റെ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് (Salute) ഡയറക്ട് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്‍തിരിക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്‍റെ രചന ബോബി- സഞ്ജയ് ആണ്. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ. 

വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'മുംബൈ പൊലീസി'നു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് സ്റ്റോറിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്‍റിയാണ് നായിക. മനോജ് കെ ജയൻ മറ്റൊരു സുപ്രധാന വേഷത്തില്‍ എത്തുന്നു. അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്‍മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ജേക്സ് ബിജോയ്‍യുടേതാണ് സംഗീതം. എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഛായാഗ്രഹണം അസ്‍ലം പുരയിൽ, മേക്കപ്പ് സജി കൊരട്ടി, വസ്ത്രാലങ്കാരം സുജിത് സുധാകരൻ, കലാസംവിധാനം സിറിൽ കുരുവിള, സ്റ്റിൽസ് രോഹിത്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ സി രവി, അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ, പിആർഒ മഞ്ജു ഗോപിനാഥ്. വേഫെയറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മാണം. വേഫെയറര്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്.