ചെന്നൈ: തന്‍റെ പേരും ഉള്‍പ്പെടുത്തി പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. 2018 ഡിസംബറില്‍ ആരംഭിച്ച തമിഴ് ചിത്രം വാനിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെയാണ് ദുല്‍ഖര്‍ രംഗത്തെത്തിയിരിക്കുന്നത്. 

പുതിയ നിര്‍മ്മാണ ബാനറും, സംഗീത സംവിധായകനും അഭിനേതാക്കളും എത്തുമെന്നും, ദുല്‍ഖറിനൊപ്പം നായികയാവാന്‍ കിയാര അദ്വാനിയെ സമീപിച്ചെന്നുമുള്ള വാര്‍ത്തയാണ് ദുല്‍ഖര്‍ ട്വീറ്റ് വഴി നിഷേധിച്ചിരിക്കുന്നത്. ഇത് വ്യാജ വാര്‍ത്തയാണെന്നും ചിത്രത്തെപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായാല്‍ അത് നിര്‍മ്മാതാക്കളും താനും ചേര്‍ന്ന് നടത്തുമെന്നും ദുല്‍ഖര്‍ റീട്വീറ്റ് ചെയ്തു. 

പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി പ്രിയദര്‍ശനാണ് വാനിലെ നായിക. ചിത്രത്തിന്റെ പൂജയ്ക്ക് തൊട്ടുപിന്നിലെ തന്നെ നായിക കല്യാണിയാണെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. കല്യാണിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.