'ലഫ്. റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്

റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തില്‍ നായകനായ 'സല്യൂട്ടി'നു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്നത് തെലുങ്ക് ചിത്രത്തില്‍. ദുല്‍ഖറിന്‍റെ കഴിഞ്ഞ പിറന്നാള്‍ പ്രഖ്യാപിക്കപ്പെട്ട, ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. കശ്‍മാര്‍ ആണ് പ്രധാന ലൊക്കേഷന്‍. 'സല്യൂട്ട്' പാക്കപ്പ് ആയതിനു തൊട്ടുപിന്നാലെ ഈ സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു.

'ലഫ്. റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. 1964 ആണ് കഥയുടെ കാലം. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്.

View post on Instagram

വൈജയന്തി മൂവീസിന്‍റെ ബാനറില്‍ പ്രിയങ്ക ദത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ദുല്‍ഖറിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന 'മഹാനടി'യും നിര്‍മ്മിച്ചത് ഇതേ ബാനര്‍ ആയിരുന്നു. തെലുങ്കിനു പുറമെ മലയാളം, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ഇനിയും പേര് തീരുമാനിച്ചിട്ടില്ല.