വേഫയറര്‍ ഫിലിംസ് എന്ന തന്‍റെ നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി ഇന്ന് നെറ്റ്ഫ്ളിക്സില്‍ എത്തി. ജേക്കബ് ഗ്രിഗറിയെ ടൈറ്റില്‍ കഥാപാത്രമാക്കി ഷംസു സായ്‍ബാ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ 'മണിയറയിലെ അശോകന്‍' ആണ് ചിത്രം. ദുല്‍ഖറിന്‍റെ നിര്‍മ്മാണത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രമായിരുന്നെങ്കിലും ആദ്യം പ്രഖ്യാപിക്കപ്പെട്ടത് 'മണിയറയിലെ അശോകന്‍' ആയിരുന്നു. ഇപ്പോഴിതാ ചിത്രം കാണാന്‍ ക്ഷണിച്ച് ഓണാശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

നെറ്റ്ഫ്ളിക്സില്‍ അര്‍ധരാത്രി തന്നെ ചിത്രം എത്തിയിരുന്നു. ഗ്രിഗറിക്കൊപ്പം ചിത്രം കണ്ടതിനു ശേഷമായിരുന്നു വീഡിയോ സന്ദേശത്തിലൂടെ ദുല്‍ഖറിന്‍റെ ഓണാശംസ. മണിയറയിലെ അശോകന്‍ നെറ്റ്ഫ്ളിക്സില്‍ എത്തിയെന്നും തങ്ങള്‍ ചിത്രം കണ്ടെന്നും എല്ലാവരും പടം കാണണമെന്നും ദുല്‍ഖര്‍ പറയുന്നു. ഒപ്പം ഓണാശംസകളും നേരുന്നു മലയാളികളുടെ പ്രിയതാരം.

നിര്‍മ്മാതാവ് എന്ന നിലയില്‍ മണിയറയിലെ അശോകന്‍ തനിക്കു നല്‍കിയ സന്തോഷത്തെക്കുറിച്ച് മറ്റൊരു പോസ്റ്റില്‍ ദുല്‍ഖര്‍ വിശദീകരിക്കുന്നുണ്ട്. അഞ്ച് പുതുമുഖ സാങ്കേതികപ്രവര്‍ത്തകരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്താനായതിലെ സന്തോഷമാണ് അദ്ദേഹം പങ്കുവെക്കുന്നത്. സംവിധായകന്‍ ഷംസു സൈബയെ കൂടാതെ ഛായാഗ്രാഹകന്‍ സജാദ് കാക്കു, രചയിതാക്കളായ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീതസംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരുടെയും ആദ്യചിത്രമാണ് ഇത്. കൊവിഡ് ഭീതിയില്‍ അല്ലായിരുന്നുവെങ്കില്‍ മറ്റൊരു തരത്തിലാകുമായിരുന്നു ചിത്രത്തിന്‍റെ റിലീസ് എന്നും എന്നിരുന്നാലും ഇപ്പോള്‍ ലഭിച്ച അവസരത്തില്‍ നന്ദിയുള്ളവരായിരിക്കുമെന്നും ദുല്‍ഖര്‍ കുറിയ്ക്കുന്നു.

ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരന്‍ എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.