കിംഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവെന്‍റ് ആയിരുന്നു വേദി

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും അഭിനയിച്ച ഒട്ടനവധി താരങ്ങള്‍ പല തലമുറകളിലുണ്ട്. പക്ഷേ അവിടങ്ങളിലൊക്കെ സജീവമായി നില്‍ക്കുകയും അവിടെയൊക്കെ പ്രേക്ഷകപ്രീതി നേടുകയും ചെയ്ത അഭിനേതാക്കള്‍ മലയാളത്തിലെന്നല്ല ഏത് ഭാഷയിലും അപൂര്‍വ്വമാണ്. മലയാളത്തില്‍ നിലവില്‍ അത്തരത്തില്‍ ഒരു കരിയര്‍ അവകാശപ്പെടാനാവുക ദുല്‍ഖര്‍ സല്‍മാന് ആണ്. 11 വര്‍ഷത്തെ കരിയര്‍ കൊണ്ടാണ് ദുല്‍ഖറിന്‍റെ ഈ നേട്ടം എന്നത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിന്‍റെ മഹത്വം കൂടിയാണ്. ഇപ്പോഴിതാ ദുല്‍ഖറിനെക്കുറിച്ച് തെലുങ്ക് താരം നാനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്കറിയാവുന്ന ഒരേയൊരു പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ ആണെന്നാണ് നാനി പറഞ്ഞത്.

ദുല്‍ഖറിന്‍റെ ഓണച്ചിത്രം കിംഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവെന്‍റ് ഇന്നലെ ഹൈദരാബാദില്‍ നടന്നിരുന്നു. റാണ ദഗ്ഗുബാട്ടിക്കൊപ്പം നാനിയും അതില്‍‌ പങ്കെടുത്തിരുന്നു. ആ വേദിയില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനോടുള്ള തന്‍റെ സ്നേഹബഹുമാനങ്ങളെക്കുറിച്ച് നാനി പറഞ്ഞത്- "ദുല്‍ഖര്‍ തെലുങ്ക് കരിയര്‍ ആരംഭിച്ച ഓകെ ബം​ഗാരത്തില്‍ (ഓകെ കണ്‍മണി മൊഴിമാറ്റം) ഞാനാണ് ശബ്ദം കൊടുത്തത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും. എനിക്കറിയാവുന്ന നടന്മാരില്‍ പാന്‍ ഇന്ത്യന്‍ എന്ന പേരിന് ശരിക്കും അര്‍ഹന്‍ ദുല്‍ഖര്‍ മാത്രമാണ്. ഒരു ഹിന്ദി സംവിധായകന്‍ ദുല്‍ഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുല്‍ഖറിനുവേണ്ടി കഥകള്‍ തയ്യാറാക്കുന്നു. പാന്‍ ഇന്ത്യന്‍ നടന്‍ എന്നതിന്‍റെ ശരിയായ അര്‍ഥം അതാണ്", നാനി പറഞ്ഞു.

ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ സംവിധാനം അഭിലാഷ് ജോഷിയാണ്. ഷബീർ കല്ലറയ്ക്കല്‍, ചെമ്പൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.

ALSO READ : 'നാര്‍കോസിലെ എസ്‍കോബാറിനെപ്പോലെ'; 'ജയിലര്‍' ടീം നല്‍കിയ റെഫറന്‍സിനെക്കുറിച്ച് ജിഷാദ്

King of Kotha Pre-Release Event Live | Dulquer Salmaan | Abhilash Joshiy | YouWe Media