തന്‍റെ പുതിയ ചിത്രമായ 'കാന്താ'യുടെ പ്രൊമോഷനിടെ നടൻ ദുല്‍ഖര്‍ സല്‍മാന്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ ലിസ്റ്റ് വെളിപ്പെടുത്തി. 

മലയാളത്തിലെ യുവതാരനിരയില്‍ ഏറ്റവും നന്നായി കരിയര്‍ പ്ലാനിംഗ് നടത്തിയ ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും ഹിന്ദിയിലും കൃത്യമായി സിനിമകള്‍ തെരഞ്ഞെടുത്ത ദുല്‍ഖറിനെ തങ്ങളുടെ ഒരു നടനായാണ് തെലുങ്ക് സിനിമാപ്രേമികള്‍ ഇന്ന് കാണുന്നത്. തമിഴിലും വലിയ വിജയ ശരാശരിയുണ്ട് അദ്ദേഹത്തിന്. ഹിന്ദിയില്‍ വലിയ വിജയങ്ങള്‍ ഇല്ലെങ്കിലും അവിടെയും സുപരിചിതന്‍. കരിയറിലെ ഏറ്റവും ശ്രദ്ധേയമായൊരു ചിത്രമാണ് അദ്ദേഹത്തിന്‍റേതായി അടുത്ത് വരാനിരിക്കുന്നത്. തമിഴില്‍ ഒരുങ്ങിയിരിക്കുന്ന കാന്താ ആണ് അത്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഞ്ച് സിനിമകളുടെ ലിസ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. കാന്തായുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍റെ ഭാഗമായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പറയുന്നത്.

പത്തില്‍ പത്ത് മാര്‍ക്കും കൊടുക്കാമെന്ന് താങ്കള്‍ കരുതുന്ന അഞ്ച് സിനിമകളുടെ പേര് പറയാമോ എന്നായിരുന്നു അഭിമുഖകാരിയുടെ ചോദ്യം. അധികം ആലോചനകളൊന്നും കൂടാതെയാണ് തന്‍റെ ഓള്‍ ടൈം ഫേവറൈറ്റ് ചിത്രങ്ങളുടെ പേരുകള്‍ ദുല്‍ഖര്‍ പറയുന്നത്. അഞ്ച് ചിത്രങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇന്ത്യന്‍. ബാക്കി നാലെണ്ണവും ഇംഗ്ലീഷ് ചിത്രങ്ങളാണ്. ഗസ് വാന്‍ സാന്‍റിന്‍റെ സംവിധാനത്തില്‍ റോബിന്‍ വില്യംസ്, മാറ്റ് ഡാമണ്‍, ബെന്‍ അഫ്ലെക് എന്നിവര്‍ അഭിനയിച്ച ഗുഡ് വില്‍ ഹണ്ടിംഗ്, റിഡ്ലി സ്കോട്ടിന്‍റെ സംവിധാനത്തില്‍ റസല്‍ ക്രോ നായകനായ എ ഗുഡ് ഇയര്‍, മൈക്കള്‍ മനിന്‍റെ സംവിധാനത്തില്‍ അല്‍ പച്ചീനോ, റോബര്‍ട്ട് ഡി നീറോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 1995 ചിത്രം ഹീറ്റ്, ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് കര്‍ട്ടിസ് സംവിധാനം ചെയ്ത റൊമാന്‍റിക് സയന്‍സ് ഫിക്ഷന്‍ കോമഡി ഡ്രാമ ചിത്രം എബൗട്ട് ടൈം എന്നിവയ്ക്കൊപ്പം ബോളിവുഡ് കള്‍ട്ട് ചിത്രം, ഷാരൂഖ് ഖാന്‍റെ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേം​ഗെ എന്നിവയുമാണ് ദുല്‍ഖര്‍ പറയുന്ന അഞ്ച് ചിത്രങ്ങള്‍.

അതേസമയം ഈ മാസം 14 ന് തിയറ്ററുകളില്‍ എത്തുന്ന കാന്തയുടെ രചനയും സംവിധാനവും സെൽവമണി സെൽവരാജ് ആണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുല്‍ഖറിനൊപ്പം റാണ ദഗ്ഗുബതിയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Asianet News Live | Delhi Blast | Malayalam News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്