നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' നാളെ തിയേറ്ററുകളിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ വലിയ പ്രോജക്റ്റാണ്.

പ്രഖ്യാപനം മുതൽ സിനിമാസ്വാദകർ കാത്തിരിക്കുന്ന സിനിമയാണ് 'ഐ ആം ഗെയിം'. ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ചെറുതല്ലാത്ത ദൃശ്യവിസ്മയം സമ്മാനിക്കുമെന്ന് പ്രൊമോഷൻ മെറ്റീരിയലുകളിൽ നിന്നു തന്നെ വ്യക്തമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ഐ ആം ​ഗെയിമിന്റെ ബുക്കിം​ഗ് ആരംഭിച്ചത്. ബുക്കിം​ഗ് സ്ലോട്ടുകൾ തുറന്നത് മുതൽ തന്നെ ഫാസ്റ്റ് ഫില്ലിം​ഗ് ആയിരുന്നു. പല തിയറ്ററുകളിലെ സ്ക്രീനുകളും നാളത്തെ ഷോ ഫിൽ ആയി കഴിഞ്ഞു. കൂടാതെ മികച്ച പ്രീ സെയിൽ കളക്ഷനും ചിത്രം നേടിയിട്ടുണ്ട്. 2.5 കോടി രൂപയിലധികം ചിത്രം ഇതിനകം പ്രീ സെയിലിലൂടെ നേടിയെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ കണക്ക്.

ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ ഒരു ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലറാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിൻ്റെ ട്രെയിലറിനും വമ്പൻ പ്രതികരണം ആണ് ലഭിച്ചത്. ത്രസിപ്പിക്കുന്ന തീയേറ്റർ അനുഭവമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്. ആന്റണി വർഗീസ്, മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming