തൃശൂര്‍: സിനിമാതാരം സണ്ണി വെയ്നിന്‍റെ വിവാഹാഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയെ സണ്ണി വെയിന്‍ ജീവിത സഖിയാക്കിയത്. വിവാഹ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് സണ്ണി തന്നെയായിരുന്നു ഇക്കാര്യം പരസ്യപ്പെടുത്തിയത്.

സിനിമാലോകവും ചലച്ചിത്രപ്രേമികളും ആശംസകളുമായി നിറയുന്നതിനിടയിലാണ് യുവനടന്‍ ദുല്‍ഖര്‍ സല്‍മാനും രംഗത്തെത്തിയത്. ആദ്യ ചിത്രത്തില്‍ തനിക്കൊപ്പം കൈപിടിച്ചെത്തിയ സണ്ണി വെയിനിന് ഹൃദയപൂര്‍വ്വം ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആരാധകരുടെ ഡി ക്യു. 'പ്രിയപ്പെട്ട സണ്ണിച്ചനും കുഞ്ഞുവിനും അഭിനന്ദനങ്ങള്‍!!! ഈ ദിവസത്തിന് വേണ്ടി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു, വിവാഹചിത്രം വലിയ സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്, ജീവിതകാലം മുഴുവന്‍ വളരെയധികം സ്നേഹിക്കുക' ഇങ്ങനെയായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെയാണ് ദുൽക്കറും സണ്ണി വെയ്നും മലയാളസിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിൽ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി അഭിനയിച്ച ഇരുവരും വ്യക്തി ജീവിതത്തിലും ബന്ധം നല്ലതുപോലെ കാത്തുസൂക്ഷിക്കുകയാണെന്നാണ് ദുല്‍ഖിന്‍റെ കുറിപ്പ് വ്യക്തമാക്കുന്നത്. മുപ്പത്തിരണ്ടോളം സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും തിളങ്ങിയ ശേഷമാണ് സണ്ണി വെയിന്‍ വിവാഹ ജീവിതത്തിലേക്ക് കടന്നത്.