അന്ന് ചോരയിൽ കുളിച്ച് വരുന്ന തന്നെ കണ്ട് ലക്ഷ്മിയും മോളും കയ്യടിച്ചെന്നും അഖിൽ മാരാർ തമാശരൂപേണ പറഞ്ഞു.
അടുത്തിടെയാണ് സംവിധായകനും ബിഗ് ബോസ് സീസൺ 6 വിജയിയുമായ അഖിൽ മാരാർ എന്‍ഡിഎയുടെ ഘടകക്ഷിയായ ട്വന്റി20യിൽ ചേര്‍ന്നത്. അഖിൽ മാരാരുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചർച്ചകൾ ഒരു വശത്ത് നടക്കുന്നതിനിടെ ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിക്കിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ആഗ്രഹത്തെക്കുറിച്ച് അഖിലും ഭാര്യ രാജലക്ഷ്മിയുെ സംസാരിച്ച കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. അഖിലിനെ ഒരു രാഷ്ട്രീയ പ്രവർത്തകനായി കാണാൻ തനിക്ക് ഇഷ്ടമാണ് എന്നായിരുന്നു രാജലക്ഷ്മി പറഞ്ഞത്.
''രാഷ്ട്രീയത്തിൽ ഇറങ്ങാൻ എനിക്ക് ഇഷ്ടമാണ്. കൂടുതൽ കാര്യങ്ങൾ നാടിന് വേണ്ടി ചെയ്യാൻ പറ്റും. രാഷ്ട്രീയം അഖിലിന് വഴങ്ങുമെന്നാണ് ജഗദീഷേട്ടനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. ലക്ഷ്മിക്ക് ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് ഇഷ്ടമാണ്. അവളാണ് എന്നെ തള്ളി വിടുന്നത്. അവൾ എന്നെ കാണുന്ന കാലത്ത് ഞാൻ ഖദറിട്ട് നടക്കുന്ന സമയമായിരുന്നു'', എന്നാണ് അമൃത ടിവിയിലെ ആനീസ് കിച്ചൺ എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് അഖിൽ മാരാർ പറഞ്ഞത്. രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള അടിയിൽ തനിക്ക് തലയ്ക്ക് അടി കിട്ടിയിരുന്നു എന്നും അന്ന് ചോരയിൽ കുളിച്ച് വരുന്ന തന്നെ കണ്ട് ലക്ഷ്മിയും മോളും കയ്യടിച്ചെന്നും അഖിൽ മാരാർ തമാശരൂപേണ പറഞ്ഞു.
''അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. ധൈര്യമുണ്ട്. മാൻലി ആറ്റിറ്റ്യൂഡുള്ളയാളാണ്. സംസാരത്തിലും പ്രവൃത്തിയിലും സ്ട്രെയ്റ്റ് ഫോർവേഡാണ്. തെറ്റു ചൂണ്ടിക്കാണിക്കാനൊന്നും മടിയില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കില്ല'', എന്നായിരുന്നു രാജലക്ഷ്മിയുടെ പ്രതികരണം. ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ താനാണ് മെയിൻ ആളെന്നും തങ്ങളുടെ ചില അഭിമുഖങ്ങളൊക്കെ കണ്ടിട്ട് അഖിൽ മാരാർ മെയിൽ ഷോവനിസ്റ്റ് ആണെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും ശരിയല്ലെന്നും രാജലക്ഷ്മി കൂട്ടിച്ചേർത്തു
