കൊച്ചി: സിനിമയില്‍ പ്രണയരംഗങ്ങള്‍ മനോഹരമാക്കുന്ന യുവനടന്‍മാരിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. 'ഉസ്താദ് ഹോട്ടല്‍' മുതല്‍ ദുല്‍ഖറിന്‍റേതായി അവസാനം പുറത്തിറങ്ങിയ 'സോയ ഫാക്ടര്‍' വരെയുള്ള ചിത്രങ്ങളില്‍ സ്വാഭാവിക അഭിനയരീതി കൊണ്ട് റൊമാന്‍സ് രംഗങ്ങള്‍ ദുല്‍ഖര്‍ സിനിമയില്‍ നന്നായി പ്രതിഫലിപ്പിക്കാറുമുണ്ട്. എന്നാല്‍ പ്രണയരംഗങ്ങളില്‍ അഭിനയിക്കുമ്പോഴും സിനിമയില്‍ നടിമാരോട് അടുത്ത് ഇടപഴകേണ്ടി വരുമ്പോഴും താന്‍ അസ്വസ്ഥനാകാറുണ്ടെന്നാണ് ദുല്‍ഖര്‍ പറയുന്നത്. 'നോ ഫില്‍റ്റര്‍ നേഹ' എന്ന ഹിന്ദി ടെലിവിഷന്‍ പരിപാടിക്കിടെയാണ് ദുല്‍ഖറിന്‍റെ വെളിപ്പെടുത്തല്‍. 

പ്രണയരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ കൈകള്‍ വിറയ്ക്കാറുണ്ടെന്നും അതൊഴിവാക്കാന്‍ നടിയുടെ ചെവിക്ക് പിന്നിലുള്ള മുടിയിഴകളില്‍ കൈകള്‍ കോര്‍ത്ത് പിടിക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലും ഇത് ഏറെ പ്രയോജനകരമാണ്. പക്ഷേ ജീവിതത്തില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും അടുത്ത ബന്ധമുള്ളതിനാല്‍ അവരോട് ഇടപെടുന്നത് എളുപ്പമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിമാരുമായി അടുത്ത് ഇടപെടുന്ന സീനുകളില്‍ പലപ്പോഴും കൂടെയുള്ളയാള്‍ എന്തായിരിക്കും തന്നെക്കുറിച്ച് ചിന്തിക്കുകയെന്നും അവരുടെ മുമ്പില്‍ സ്വയം നഗ്നനായി തോന്നാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ സോനത്തിനൊപ്പമുള്ള തന്‍റെ അനുഭവം വളരെ നല്ലതായിരുന്നെന്നും താരം വ്യക്തമാക്കി.