ദുല്‍ഖറിന്‍റെ കരിയറിലെ 40-ാം ചിത്രമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്

മലയാളത്തിലെ യുവനിര താരങ്ങളില്‍ ഏറ്റവും ആരാധകരുള്ളവരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അതിനാല്‍ത്തന്നെ മികച്ച ഓപണിംഗുമാണ് അദ്ദേഹത്തിന് എപ്പോഴും ലഭിക്കാറ്. സമീപകാലത്തായി മറുഭാഷകളിലും സജീവമായ ദുല്‍ഖറിനെ ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ പ്രേക്ഷകര്‍ക്ക് അറിയാം. വന്‍ ഹൈപ്പോടെ എത്തി, എന്നാല്‍ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ട കിംഗ് ഓഫ് കൊത്ത ആയിരുന്നു മലയാളത്തിലെ അദ്ദേഹത്തിന്‍റെ അവസാന ചിത്രം. പിന്നീട് മറുഭാഷയില്‍ വലിയ വിജയങ്ങളുടെ ഭാഗമായെങ്കിലും മലയാളത്തിലേക്ക് ദുല്‍ഖര്‍ ഇനി എന്നെത്തും എന്നത് അദ്ദേഹത്തിന്‍റെ ആരാധകര്‍ സ്ഥിരമായി ചോദിച്ചുകൊണ്ടിരുന്നതാണ്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ദുല്‍ഖര്‍ തന്നെ അടുത്ത മലയാള ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്‍റെ കരിയറിലെ 40-ാം ചിത്രമാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. ആര്‍ഡിഎക്സ് എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വമ്പന്‍ വിജയവും പ്രേക്ഷകശ്രദ്ധയും നേടിയ സംവിധായകന്‍ നഹാസ് ഹിദായത്ത് ആണ് ഡി 40 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ നാളെ വൈകിട്ട് 5 മണിക്ക് പ്രഖ്യാപിക്കും. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം എന്നും ഇത് സംബന്ധിച്ച പോസ്റ്ററില്‍ ഉണ്ട്. 

നഹാസ് ഹിദായത്തിന്‍റെ സംവിധാനത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന ചിത്രം വരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ആര്‍ഡിഎക്സിലൂടെ കഴിവ് തെളിയിച്ച നഹാസിനൊപ്പം ദുല്‍ഖര്‍ വരുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം കരിയറിലെ ഏറ്റവും വലിയ വിജയം തെലുങ്ക് സിനിമയിലൂടെ ദുല്‍ഖറിന് അടുത്ത കാലത്ത് ലഭിച്ചിരുന്നു. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ലക്കി ഭാസ്കര്‍ ആയിരുന്നു ഈ ചിത്രം. പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡിയിലും ഒരു പ്രധാന വേഷത്തില്‍ ദുല്‍ഖര്‍ എത്തിയിരുന്നു. കാന്ത എന്ന തമിഴ് ചിത്രവും അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുണ്ട്.

ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം