ദുല്‍ഖര്‍ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രം ആണ് ആകാശംലോ ഒക താര.
ദുൽഖറെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം "ആകാശംലോ ഒക താര" യിൽ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ടുള്ള, സാത്വികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗ്ലിംബ്സ് വീഡിയോയും പുറത്ത്. ആകാശത്തേക്കാൾ വലിയ സ്വപ്നം ഉള്ളിൽ പേറുന്നവൾ എന്ന വാക്കുകളോടെയാണ് സാത്വികയെ അവതരിപ്പിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന, "ആകാശംലോ ഒക താര" തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രം 2026 സമ്മർ വെക്കേഷൻ കാലത്ത് ആഗോള റിലീസായെത്തും.
നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ ആണ് പവൻ സാദിനേനി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസ്സിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും ഗ്ലിംബ്സ് വീഡിയോയും നൽകുന്നത്.
മഹാനടി, സീത രാമം, ലക്കി ഭാസ്കർ തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിൻ്റെ കൽക്കി 2898AD എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് "ആകാശംലോ ഒക താര". ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്നാണ് സൂചന.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി "ആകാശം ലോ ഒക താര" പ്രദർശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ്. അദ്ദേഹത്തിന്റെ മനോഹരമായ സംഗീതവും ഇപ്പൊൾ പുറത്ത് വന്ന ഗ്ലിംബ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. പിആർഒ ശബരി.
