ചിത്രത്തിന്റെ റിലീസ് സെപ്റ്റംബര്‍ മൂന്നിന്.

ദുൽഖർ നായകനായ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിൻ്റെ പ്രീ റിലീസ്/മ്യൂസിക് ലോഞ്ച് ഇവൻ്റ് ഇന്നലെ നടന്നു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻററിൽ വെച്ച് പതിനായിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ ആണ് പ്രൗഢ ഗംഭീരമായ ഈ ലോഞ്ച് അരങ്ങേറിയത്. ബുക്ക് മൈ ഷോ വഴി ഫ്രീ പാസ് ബുക്കിങ്ങിലൂടെ ആയിരുന്നു ഇവൻ്റിലേക്ക് കാണികളെ പ്രവേശിപ്പിച്ചത്. ഗായകരായ വേടൻ, അർമാൻ മാലിക്, ചിത്രത്തിൻ്റെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവരുൾപ്പെടെ ലോഞ്ച് വേദിയിൽ പെർഫോം ചെയ്തത് കാണികൾക്കിടയിൽ വലിയ ആഘോഷം സൃഷ്ടിച്ചു. ദുൽഖർ സൽമാൻ ഉൾപ്പെടെ ചിത്രത്തിൻ്റെ താരനിരയും അണിയറ പ്രവർത്തകരും ഇവൻ്റിൽ പങ്കെടുക്കുകയും കാണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുകയും ചെയ്തു. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.

ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.

ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം, റെക്കോർഡ് റിലീസായാണ് എത്തുക. മലയാളം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രമെത്തുന്നത്. അടുത്തിടെ റിലീസ് ചെയ്ത, ചിത്രത്തിലെ "ലൂസർ" എന്ന ഗാനവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്. ദുൽഖർ സൽമാൻ തന്നെയാണ് ഈ ഗാനം ആലപിച്ചത്. മ്യൂസിക് ലോഞ്ച് ചടങ്ങിലും ദുൽഖർ സൽമാൻ ഈ ഗാനം വേദിയിൽ ലൈവ് ആയി ആലപിച്ച് വലിയ കയ്യടി നേടിയതും ശ്രദ്ധേയമായി. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

നേരത്തെ പുറത്തു വന്ന, ചിത്രത്തിന്റെ ട്രെയ്‌ലറിനും "മഴവില്ലായേ" എന്ന ആദ്യ ഗാനത്തിനും വമ്പൻ പ്രതികരണം ലഭിച്ചിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്‌ലർ, പാൻ ഇന്ത്യൻ ശ്രദ്ധ നേടിയെടുത്തിരുന്നു. തകർപ്പൻ ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും കൊണ്ട് വലിയ തീയേറ്റർ അനുഭവമാണ് ഒരുങ്ങുന്നത് എന്ന സൂചനയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ നൽകിയത്. മലയാളി സിനിമാ പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാൻ്റസി ത്രില്ലർ ആയാവും ചിത്രം എത്തുക എന്നാണ് സൂചന.

തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരിച്ച ഐ ആം ഗെയിം, ദുൽഖർ സൽമാന്റെ നാല്പതാം ചിത്രമായി ആണ് എത്തുന്നത്. ദുൽഖർ സൽമാനെ കൂടാതെ ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലറിൽ, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലോകക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ചു പുറത്ത് വരാൻ പോകുന്ന ചിത്രം കൂടിയാണ് "ഐ ആം ഗെയിം". ആർഡിഎക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ലൈൻ പ്രൊഡ്യൂസർ - ബിബിൻ പെരുമ്പിള്ളി, ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, ആക്ഷൻ - അൻപറിവ്‌ മാസ്റ്റേഴ്സ്, പ്രൊഡക്ഷൻ ഹെഡ് - സുജയ് ജെയിംസ്, ദേവദേവൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യൂം- മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ- രോഹിത് ചന്ദ്രശേഖർ. ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ, VFX - തൗഫീഖ് - എഗ്‌വൈറ്റ്, പോസ്റ്റർ ഡിസൈൻ- ടെൻ പോയിന്റ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സ് - കണ്ണൻ ഗണപത്, സ്റ്റിൽസ്- എസ് ബി കെ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, പിആർഒ- ശബരി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക