ഹവായ് ദ്വീപുകളില്‍ ഉണ്ടായ കാട്ടുതീ ദുരന്തത്തില്‍ പ്രതികരിച്ച് നടൻ ഡ്വെയ്ൻ ജോണ്‍സണ്‍. 

ഹവായ് ദ്വീപുകളിലുണ്ടായ കാട്ടുതീ ദുരന്തത്തില്‍ മരിച്ചത് നൂറോളം പേരാണ്. പ്രദേശത്ത് വൻ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. 15000ത്തിലധികം ആളുകളെ ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിനിരയായവരെ ആശ്വപ്പിച്ച് എത്തിയിരിക്കുകയാണ് ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോണ്‍സണ്‍.

ദുരന്തത്തിന്റെ വ്യാപ്‍തി എത്രത്തോളമാണെന്ന് മനസ്സിലായപ്പോള്‍ തന്റെ ഹൃദയം നുറുങ്ങുന്നു എന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ ഡ്വെയ്‍ൻ ജോണ്‍സണ്‍ പറയുന്നു. ഹവായ് ദ്വീപുകളെ ബാധിച്ച ഈ ദുരന്തം എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാകും. ഹൃദയഭേദകമായ കാഴ്‍ചകളാണ് ഇവിടെ കാണാനാകുന്നത്. അങ്ങനെയായിരിക്കും എല്ലാവര്‍ക്കും എന്നും ഡ്വെയ്‍ൻ വീഡിയോയില്‍ വ്യക്തമാക്കുന്നു. ദുരന്ത പ്രദേശത്ത് നിന്നുള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്. കാട്ടുതീയില്‍ ദ്വീപില്‍ എത്രത്തോളം നാശമുണ്ടായെന്ന് ഫോട്ടോയില്‍ വ്യക്തമാകുന്നു. അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതും താരം പങ്കുവെച്ച ഫോട്ടോകളില്‍ കാണാം.

View post on Instagram

രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. ഹൃദയഭേദകമെങ്കിലും വിശ്വാസം മനസും ശക്തമാണ്. സംഭവമറിഞ്ഞ് എത്തിയവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹോട്ടലുകള്‍, സംഘടനകള്‍, നമ്മുടെ നാട്ടിലെ ഹീറോകള്‍ എല്ലാവരും പ്രവര്‍ത്തനം തുടരുക. നിങ്ങളെ ഞങ്ങള്‍ സ്‍നേഹിക്കുന്നു, അഭിനന്ദിക്കുന്നുവെന്നും പറയുന്നു നടൻ ഡ്വെയ്‍ൻ ജോണ്‍സണ്‍. പ്രതിരോധിക്കാനുള്ള കരുത്ത് നമ്മുടെ ഡിഎൻഎയിലുണ്ടെന്നും താരം വ്യക്തമാക്കുന്നു.

മൗണ്ടി കൗണ്ടിയിലെ മൗവി ദ്വീപിലാണ് ഏറ്റവും നഷ്‍ടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. മൗവി ദ്വീപ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. മൗണ്ടി കൗണ്ടിയിലെ ലഹൈനയില്‍ ഏകദേശം 4,500 പേര്‍ക്കാണ് താമസസ്ഥലം ഇല്ലാതായത്. മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്നും ആരോപണം ഉള്ളതായി റിപ്പോര്‍ട്ടുണ്ട്. ആയിരത്തിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തപ്രദേശത്തേയ്‍ക്ക് ആള്‍ക്കാരെ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ദുരന്തമേഖലയിലേക്ക് എത്തിയാല്‍ പിഴയടക്കമുള്ള തടവ് ശിക്ഷ നല്‍കുമെന്നാണ് പൊലീസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Read More: 'ജയിലറി'ന്റെ രണ്ടാം ഭാഗം ആലോചനയിലുണ്ട്: സംവിധായകൻ നെല്‍സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക