Asianet News MalayalamAsianet News Malayalam

Joju George|ജോജുവിനെതിരായ അതിക്രമം; പുറത്തുവന്നത് കോൺ​ഗ്രസിന്റെ ​ഗുണ്ടാ സംസ്കാരമെന്ന് എ എ റഹീം

ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും സംഭവത്തിനുശേഷം കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നുണ പറഞ്ഞു. കെപിസിസി പ്രസിഡൻറ്  ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ നടന്നതിനെ കുറിച്ച്  ഈ നാവുകൊണ്ട് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും എ എ റഹീം ചോദിച്ചു.

dyfi aa rahim said that attack against joju george was the goonda culture of the congress
Author
Thiruvananthapuram, First Published Nov 1, 2021, 5:15 PM IST

തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ (Joju George) വാഹനം തകർത്ത സംഭവത്തിലൂടെ കോൺഗ്രസിൻറെ (Congress) ഗുണ്ടാ സംസ്കാരമാണ് ഇന്ന് പുറത്ത് വന്നത് എന്ന് ഡിവൈഎഫ്ഐ (DYFI) അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം (A A Rahim) പ്രതികരിച്ചു. ജോജു മദ്യപിച്ചു എന്നും വനിതകളെ ആക്രമിച്ചു എന്നും സംഭവത്തിനുശേഷം കെ പി സി സി (KPCC) പ്രസിഡന്റ് കെ സുധാകരൻ (K Sudhakaran) നുണ പറഞ്ഞു. കെപിസിസി പ്രസിഡൻറ്  ഒരു നുണയനാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. മോൻസൻ മാവുങ്കലിന്റെ വീട്ടിൽ നടന്നതിനെ കുറിച്ച് ഈ നാവുകൊണ്ട് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്നും എ എ റഹീം ചോദിച്ചു.

ജോജുവിന് നേരെ നടന്ന ആക്രമണത്തിൽ ഡിവൈഎഫ്ഐ അപലപിക്കുന്നു. കോൺഗ്രസിൻറെ ഗുണ്ടാവിളയാട്ടം സംസ്ഥാനത്ത്  അനുവദിക്കാനാവില്ല. ഇന്ധന വില നിർണയ അധികാരം സംബന്ധിച്ച തെറ്റ് കോൺഗ്രസ് ഇതുവരെ ഏറ്റു പറഞ്ഞിട്ടില്ല. ഇന്ധന വിലവർധനവിന് എതിരെ സമരം ചെയ്യാനുള്ള ധാർമികത കോൺഗ്രസിന് ഇല്ല. ഡിവൈഎഫ്ഐ ചക്ര സ്തംഭന സമരം നടത്തിയിട്ടുണ്ട്. അത് കേവലം അഞ്ചു മിനിറ്റ് മാത്രമാണ് നീണ്ടു നിന്നത്. സമരം പ്രതീകാത്മകമാണ് എന്നത് കോൺഗ്രസ് മറന്നുപോകുന്നു എന്നും എ എ റഹീം കുറ്റപ്പെടുത്തി. 

കൊച്ചിയിൽ നടന്ന കോൺ​ഗ്രസിൻ്റെ വഴി തടയൽ സമരത്തോട് ജോജു ജോർജ് പ്രതികരിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.  കോൺ​ഗ്രസ് പ്രവർത്തകർ ജോജുവിൻ്റെ വണ്ടി തടയുകയും വാഹനത്തിൻ്റെ പിന്നിലെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തിരുന്നു. സമരക്കാർക്ക് അടുത്തേക്ക് വന്ന ജോജു ജോർജ് അവരെ അസഭ്യം പറയുകയും ഒരു വനിതാ നേതാവിനെ അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് കോൺ​ഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ജോജു ജോർജ് മദ്യപിച്ചാണ് സംഭവസ്ഥലത്ത് എത്തിയതെന്നും കോൺ​ഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷസ്ഥലത്ത് നിന്ന് പൊലീസ് ജോജുവിനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ എത്തിച്ച് മദ്യപരിശോധന നടത്തി. ഉച്ചയോടെ വന്ന പരിശോധനഫലമനുസരിച്ച് ജോജുവിൻ്റെ രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. ഇതോടെ ജോജു മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയെന്ന കോൺ​ഗ്രസ് പ്രവ‍ർത്തകരുടെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ആശുപത്രിയിലെത്തിക്കും മുൻപ് നടത്തിയ ശ്വാസപരിശോധനയിലും ജോജു മദ്യപിച്ചില്ലെന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.  വൈറ്റിലയിൽ നടന്ന സംഘർഷത്തിനിടെ ജോജു ജോർജ്ജ് അധിക്ഷേപിച്ചെന്ന മഹിള കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ തത്കാലം കേസില്ല. ജോജുവിനെതിരെ പ്രത്യക്ഷത്തിൽ തെളിവൊന്നുമില്ലാത്ത സാഹചര്യത്തിൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും തുടർനടപടി.

Read Also: ജോജു ജോർജ് മദ്യപിച്ചിട്ടില്ലെന്ന് പരിശോധനാഫലം: നടനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകർ

​ഗുണ്ടയെ പോലെയാണ് ജോജു പെരുമാറിയതെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചത്. ജോജു ജോർജ് അസഭ്യം വിളിച്ചു പറഞ്ഞ് മുണ്ടും മടക്കി കുത്തി നടന്നു പോകുന്നത് ചാനൽ ​ദൃശ്യങ്ങളിൽ കാണാം. അദ്ദേഹത്തിനെതിരെ പൊലീസിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ പരാതി നൽകും. ആ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ നാളെ കേരളം അതിരൂക്ഷമായ സമരം സർക്കാർ കാണേണ്ടി വരുമെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. 

Read Also: നടൻ ഗുണ്ടയെ പോലെ പെരുമാറി, നടപടിയുണ്ടായില്ലെങ്കിൽ വ്യാപക പ്രതിഷേധം ; ജോജുവിനെതിരെ സുധാകരൻ

അതേസമയം, വഴി തടയൽ സമര രീതിയോട് താൻ വ്യക്തിപരമായി എതിരാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊച്ചിയിലെ പ്രതിഷേധ സമര സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അറിയിച്ചു.  ''ദിവസേന ഇന്ധന വില വർധിക്കുന്ന സാഹചര്യത്തിൽ വില വർദ്ധനയ്ക്കെതിരെ ശക്തമായ സമരം വേണമെന്ന സമ്മർദ്ദം ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കൊച്ചിയിൽ നടന്ന സമരം.'' എന്നാണ് സതീശൻ പറഞ്ഞത്. 

Read Also:'വഴി തടയൽ സമരത്തോട് വ്യക്തിപരമായി എതിർപ്പ്, കൊച്ചിയിൽ സംഭവിച്ചതെന്തെന്ന് അന്വേഷിക്കും', വിഡി സതീശൻ

കോണ്‍​ഗ്രസിന്‍റെ വഴിതടയല്‍ സമരത്തിനെതിരെ രോഷാകുലനായാണ് നടന്‍ ജോജു ജോര്‍ജ് പ്രതികരിച്ചത്. ഗതാഗത കുരുക്കില്‍പ്പെട്ട ജോജു ജോര്‍ജ് വാഹനത്തില്‍ നിന്നിറങ്ങി മുന്നോട്ട് നടന്ന് ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയർക്കുകയായിരുന്നു. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന സമരമാണ് നടക്കുന്നതെന്ന് ജോജു ജോര്‍ജ് പറഞ്ഞു. രണ്ട് മണിക്കൂറായി ആളുകൾ കഷ്ടപ്പെടുകയാണ്. വില വർധിപ്പിച്ചത് ജനങ്ങളല്ല, എല്ലാവരും വില വർധിപ്പിക്കുന്നതിൽ കഷ്ടപ്പെടുന്നുണ്ട്. ഇന്ധന വില വർധനയ്ക്കെതിരെ സമരം ചെയ്യണമെന്നും എന്നാൽ ഇതല്ല അതിനുള്ള വഴിയെന്നും ജോജു പറഞ്ഞു.  സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഈ സമരത്തിലൂടെ എന്ത് നേട്ടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരികെ സ്വന്തം വാഹനത്തിലേക്ക് പോയ ജോജു മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. ഇതോടെ കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതാക്കൾ ഒരു മണിക്കൂർ സമരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

Read Also: തകര്‍ത്തത് ജോജുവിന്‍റെ പുത്തന്‍ ഡിഫന്‍ഡര്‍, രക്ഷകനായത് സിഐ!

Follow Us:
Download App:
  • android
  • ios